കേരളത്തെ നടുക്കിയ മുണ്ടക്കൈ ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തെരച്ചിൽ അഞ്ചാം ദിവസമായ ഇന്നും തുടരും.
ദുരന്തത്തിൽ ഇതുവരെ 340 പേരാണ് മരിച്ചത്. 206 മൃതദേഹങ്ങളും 134 ശരീരഭാഗങ്ങളും ഇതിനോടകം കണ്ടെടുത്തു. സർക്കാർ കണക്കുകൾ അനുസരിച്ച് 210 മരണം സ്ഥിരീകരിച്ചിട്ടുണ്ട്.
തിരിച്ചറിയാൻ കഴിയാത്ത 74 മൃതദേഹങ്ങൾ ഇന്ന് പൊതുശ്മശാനങ്ങളിൽ സംസ്‌കരിക്കും. 206 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. മുണ്ടക്കൈയും പുഞ്ചിരിമട്ടവും കേന്ദ്രീകരിച്ചാണ് ഇന്ന് തെരച്ചിൽ. റഡാർ അടക്കമുള്ള ആധുനിക സംവിധാനങ്ങൾ തെരച്ചിലിന് എത്തിച്ചിട്ടുണ്ട്. 86 പേർ ആശുപത്രികളിൽ ചികിത്സയിലാണ്.
ഇന്നലെ റഡാർ സിഗ്നൽ ലഭിച്ച സ്ഥലത്ത് രാത്രി വൈകിയും പരിശോധന നടത്തിയെങ്കിലും ജീവന്റെ തുടിപ്പ് കണ്ടെത്താൻ കഴിഞ്ഞില്ല. ഏറെ നേരത്തെ തിരച്ചിൽ യാതൊന്നും കണ്ടെത്താനാവാത്തതിനെ തുടർന്ന് ദൗത്യസംഘം ദൗത്യം അവസാനിപ്പിക്കുകയായിരുന്നു. റഡാർ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് മണ്ണിനടിയിൽ നിന്നും ശ്വാസത്തിന്റെ സിഗ്നൽ ലഭിച്ചത്. മൃതദേഹങ്ങളും ശരീരാവശിഷ്ടങ്ങളും മാത്രം കണ്ടെടുത്തുകൊണ്ടിരുന്ന സാഹചര്യത്തിലാണ് തകർന്നു വീണ കെട്ടിടത്തിനകത്ത് എവിടെയോ ജീവന്റെ തുടിപ്പ് അവശേഷിക്കുന്നതായി സൂചന ലഭിച്ചത്. തുടർന്ന് രാത്രി വൈകിയും പരിശോധന നടത്താൻ രക്ഷാപ്രവർത്തകർ തീരുമാനിക്കുകയായിരുന്നു. ഫ്‌ളഡ് ലൈറ്റ് എത്തിച്ചായിരുന്നു പരിശോധന. എന്നാൽ 5 മണിക്കൂർ നീണ്ട തിരച്ചിലിലും മനുഷ്യജീവന്റെ യാതൊന്നും കണ്ടെത്താനാകാതെ വന്നതോടെ രക്ഷാപ്രവർത്തകർ ദൗത്യം താൽക്കാലികമായി അവസാനിപ്പിക്കുകയായിരുന്നു.
