ശത്രുരാജ്യങ്ങൾക്ക് ഭയമുണ്ടാക്കി 200 അസ്ത്ര എയർ-ടു-എയർ മിസൈലുകൾ നിർമ്മിക്കാൻ ഡിആർഡിഒയും ഭാരത് ഡൈനാമിക്സ് ലിമിറ്റഡും അനുമതി ലഭിച്ചു.
യുദ്ധവിമാനങ്ങളിൽ നിന്ന് ശത്രുസേനയുടെ യുദ്ധവിമാനങ്ങളും മിസൈലുകളും ലക്ഷ്യമിടാൻ അസ്ത്രയെ ഉപയോഗിക്കാം. ഭാവിയിൽ ഇന്ത്യയുടെ ഏറ്റവും കരുത്തുറ്റ മിസൈലുകളിൽ ഒന്നാകും ഇത്. വ്യോമസേനയുടെ Su-30, LCA തേജസ് യുദ്ധവിമാനങ്ങൾക്ക് വേണ്ടിയാണ് അസ്ത്ര മിസൈലുകൾ നിർമ്മിക്കുന്നത്.
ഇന്ത്യൻ എയർഫോഴ്‌സ് ഡെപ്യൂട്ടി ചീഫ് എയർ മാർഷൽ അശുതോഷ് ദീക്ഷിതിന്റെ ഹൈദരാബാദ് സന്ദർശനത്തിനിടെയാണ് ഡിആർഡിഒയ്ക്കും പൊതുമേഖലാ സ്ഥാപനമായ ബിഡിഎല്ലിനും അനുമതി ലഭിച്ചത്. ഡിആർഡിഒയാണ് പദ്ധതിയുടെ വികസന ഏജൻസി. ബിഡിഎല്ലാണ് നിർമ്മാണ ഏജൻസി.
നിലവിൽ അസ്ത്ര എംകെ-2 മിസൈലുകളുടെ ജോലികൾ പുരോഗമിക്കുകയാണ്. 130 കിലോമീറ്റർ സ്ട്രൈക്ക് റേഞ്ചുള്ള മിസൈലിന്റെ ആദ്യ പരീക്ഷണം വരും മാസങ്ങളിൽ നടക്കും. മിസൈലിന്റെ ദൂരപരിധി വർധിപ്പിക്കാൻ പ്രത്യേക മോട്ടോർ വികസിപ്പിക്കുന്നതിലാണ് ഡിആർഡിഒയുടെ ശ്രദ്ധ. നിലവിലുള്ള അസ്ത്ര എംകെ-1 മിസൈലിന് 100 കിലോമീറ്റർ വരെ ദൂരപരിധിയുണ്ട്, അത് കൂടുതൽ വർധിപ്പിക്കാനും സാധ്യതയുണ്ട്.
