അഹമ്മദാബാദ്: ഗുജാറത്തില്‍ അജ്ഞാത രോഗം പടരുന്നു. പനിയ്ക്ക് സമാനമായ രീതിയില്‍ പടരുന്ന രോഗം ബാധിച്ച് 15 പേർ മരിച്ചു.
ഗുജറാത്തിലെ കച്ച് ജില്ലയുടെ ലഖ്പത് മേഖലയിലാണ് ഒരു അജ്ഞാത രോഗം വ്യാപിച്ച് 15 പേർ മരണപ്പെട്ടത്. ഈ മരണം നടന്നത് കഴിഞ്ഞ 8 ദിവസത്തിനിടെയാണ്. സെപ്റ്റംബർ 3നും 7നും ഇടയിൽ 10 പേരും പിന്നീട് 5 പേരും ഈ രോഗം ബാധിച്ച് മരണപ്പെട്ടു. മരിച്ചവരിൽ കുട്ടികളുമുണ്ട്.
രോഗത്തിന്റെ ഉറവിടമോ കാരണമോ കണ്ടെത്താൻ അധികൃതർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല, ഇത് വലിയ വെല്ലുവിളി ആകുന്നു. രോഗബാധിതരായ 11 പേരുടെ സാമ്പിളുകൾ പൂനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ പരിശോധനാഫലങ്ങൾ ലഭിക്കുമെന്ന് ജില്ലാ കളക്ടർ അമിത് അരോറ അറിയിച്ചു. ഇതോടെ രോഗത്തിന് കാരണമായ വൈറസിനെ കണ്ടെത്താൻ കഴിയും.
എച്ച്1എൻ1, മലേറിയ, ഡങ്കിപ്പനി, പന്നിപ്പനി എന്നിവയല്ല ഇതിന്റെ കാരണം എന്നാണ് ഇതുവരെ ലഭിച്ച പരിശോധനാ ഫലങ്ങൾ സൂചിപ്പിക്കുന്നത്.
ആരോഗ്യ ഉദ്യോഗസ്ഥർ 22 സർവൈലൻസ് ടീമുകളെയും കൂടുതൽ ഡോക്ടർമാരെയും ഈ പ്രദേശത്ത് നിയോഗിച്ചിട്ടുണ്ടെന്നും ഇവിടെ കഴിഞ്ഞിടെ പെയ്ത കനത്ത മഴയും വെള്ളപ്പൊക്കവും രോഗവ്യാപനത്തിന് കാരണമാകാമെന്നും അവർ പറഞ്ഞു.
