കഴിഞ്ഞ 13 വർഷത്തിനിടയിലെ ഏറ്റവും വലിയ കലാപത്തിന് സാക്ഷ്യം വഹിക്കുകയാണ് ബ്രിട്ടൺ ഇപ്പോൾ. കുടിയേറ്റത്തിനെതിരെയുള്ള പ്രതിഷേധ പ്രകടനം വലിയ കലാപത്തിലേക്ക് നയിച്ചിരിക്കുന്നു. മൂന്ന് പെൺകുട്ടികളുടെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രതിഷേധമാണ് കലാപത്തിലേക്ക് നയിച്ചത്. ലിവർപൂളിന് സമീപമുള്ള സൗത്ത് പോർട്ടിൽ സംഘടിപ്പിച്ച ഡാൻസ് പാർട്ടിക്കിടെയായിരുന്നു പെൺകുട്ടികൾ കത്തിയാക്രമണത്തിന് ഇരയായത്.
തുടർന്ന് തീവ്ര വലതുപക്ഷ വിഭാഗങ്ങൾ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. കഴിഞ്ഞയാഴ്ച പ്രതിഷേധം ശക്തമായപ്പോൾ അഭയം തേടിയവരെ പാർപ്പിച്ചിരുന്ന ഹോളിഡേ ഇൻ എക്സ്പ്രസ് ഹോട്ടലിൽ പ്രതിഷേധക്കാർ അതിക്രമിച്ച് കയറാൻ ശ്രമിക്കുകയും ചെയ്തു. വിവിധ നഗരങ്ങളിലും പട്ടണങ്ങളിലും പോലീസ് കലാപകാരികളുമായി ഏറ്റുമുട്ടി.
അഭയം തേടിയവർക്കെതിരെ നടന്ന അക്രമങ്ങളെയും തീവ്ര വലതുപക്ഷ ആക്രമങ്ങളെയും യു.കെ. പ്രധാനമന്ത്രി കെയർ സ്റ്റാർമർ അപലപിച്ചു. അക്രമികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ വേണ്ടത് എല്ലാം ചെയ്യാൻ അദ്ദേഹം അധികൃതർക്കു നിർദേശം നൽകി.
“രാജ്യത്തെ ആളുകൾക്ക് സുരക്ഷിതമായി കഴിയാനുള്ള അവകാശമുണ്ട്. അക്രമികൾ മുസ്ലിം സമുദായത്തെ ലക്ഷ്യമിടുന്നതാണ് നാം കണ്ടത്. മുസ്ലിം പള്ളികൾക്കും മറ്റു ന്യൂനപക്ഷ സമുദായങ്ങളുമെതിരെ ആക്രമങ്ങൾ നടക്കുന്നു. അക്രമികൾ പോലീസിനെ ആക്രമിക്കുകയും വംശീയ പരാമർശങ്ങളും അനിയന്ത്രിതമായ അക്രമങ്ങളും നടത്തുകയും ചെയ്യുന്നു. തീവ്ര വലതുപക്ഷ കൊള്ളസംഘമാണ് ഇവർ,” അദ്ദേഹം പറഞ്ഞു.
തീവ്ര വലതുപക്ഷകാരികൾ യു.കെ.യിലെ വിവിധ ഇടങ്ങളിൽ കടുത്ത ആക്രമണങ്ങൾ അഴിച്ചുവിട്ടു. ന്യൂനപക്ഷ സമുദായങ്ങളെയും അവരുടെ വീടുകളെയും കാറുകളെയും അവർ ലക്ഷ്യമാക്കി. മുൻ യു.കെ. പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിലിന്റെ പ്രതിമയും അക്രമികൾ നശിപ്പിച്ചു.
സൗത്ത് പോർട്ടിൽ നടന്ന ടെയ്‌ലർ സ്വിഫ്റ്റ് തീമിലുള്ള ഡാൻസ് പാർട്ടിക്കിടെ മൂന്നു പെൺകുട്ടികൾ കത്തിയാക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടു. പത്ത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
സംഭവത്തിന് ശേഷം അക്രമി അക്സൽ റുദാകുബാനയെക്കുറിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം വ്യാപകമായി നടന്നു. റുദാകുബാന വെയിൽസിലാണ് ജനിച്ചതെന്നും, അദ്ദേഹം റുവാണ്ടൻ സ്വദേശിയായ മുസ്ലിം കുടിയേറ്റക്കാരനെന്നുമുള്ള വ്യാജ പ്രചാരണങ്ങൾ വ്യാപിച്ചു. ഈ തെറ്റായ വിവരങ്ങൾ വേഗത്തിൽ പ്രചരിക്കുകയും തീവ്ര വലതുപക്ഷക്കാരെ പ്രകോപിപ്പിക്കുകയും ചെയ്തു.
തീവ്ര വലതുപക്ഷ വിഭാഗങ്ങൾ സോഷ്യൽ മീഡിയ ഉപയോഗിച്ച് വ്യാജ പ്രചാരണങ്ങൾ പങ്കുവയ്ക്കുകയും, പ്രതിഷേധക്കാരെ അണിനിരത്തുകയും ചെയ്തു. ഈ വ്യാപകമായ അക്രമങ്ങൾക്കിടയിൽ, 18 വയസ്സിന് താഴെയുള്ള കുറ്റവാളികളുടെ പേരുവിവരങ്ങൾ സാധാരണ പുറത്ത് വിടാറില്ലെങ്കിലും, റുദാകുബാനയ്‌ക്കെതിരായ വ്യാജ പ്രചാരണങ്ങൾക്ക് തടയിടാൻ ജഡ്ജ് ആൻഡ്രൂ മെനറി അനുമതി നൽകി.
