വയനാട്ടിലെ തെരച്ചില്‍ അന്തിമഘട്ടത്തിലേക്ക്; ഇനിയുള്ള തെരച്ചില്‍ ചെളി നിറഞ്ഞയിടങ്ങളില്‍: എഡിജിപി എം.ആര്‍ അജിത് കുമാര്‍

വയനാട്: ഉരുള്‍പൊട്ടല്‍ നടന്ന മേഖലകളിലെ തെരച്ചില്‍ അന്തിമഘട്ടത്തിലേക്ക് കടക്കുകയാണെന്ന് എഡിജിപി എം.ആർ അജിത് കുമാർ.

ഇനിയുള്ള തെരച്ചില്‍ ചെളി നിറഞ്ഞയിടങ്ങളിലാണെന്നും കഴിയുന്നിടത്തോളം മുഴുവന്‍ സ്ഥലങ്ങളിലും തെരച്ചില്‍ നടത്തുമെന്നും എഡിജിപി അറിയിച്ചു.

ഇന്നലെ അട്ടമലയില്‍ നിന്നാണ് ഒരു മൃതദേഹം കണ്ടെത്തിയത്. മെഷീൻ ഉപയോഗിച്ച്‌ ഇന്നും തെരച്ചില്‍ തുടരുകയാണ്. ആ മേഖലകളിൽ കൂടുതൽ മൃതദേഹങ്ങൾ ഉണ്ടോ എന്നത് പരിശോധിക്കുന്നുണ്ട്.

പോത്തുകല്ല് മേഖലയിൽ പ്രത്യേകിച്ച് കൂടുതൽ തെരച്ചില്‍ നടത്തുകയാണ്. മലപ്പുറം ജില്ലയിൽ നിന്നുള്ള പൊലീസ് സംഘങ്ങൾ അവിടെ തിരച്ചില്‍ നടത്തുന്നുണ്ട്.

പോത്തുകല്ലിന്റെ പല ഭാഗങ്ങളിലും ലോക്കല്‍ വോളന്റിയർമാർ കുടുങ്ങിയിരിക്കുകയായിരുന്നു. ഇന്നലെ 18ഓളം പേരെ രക്ഷപ്പെടുത്തി. അതിനാൽ ലോക്കല്‍ വോളന്റിയേഴ്സിനെ ഒഴിവാക്കിക്കൊണ്ട് കേരളാ പൊലീസിന്റെ എസ്‌ഒജി, സൈന്യത്തിന്റെ കമാണ്ടോസ് എന്നിവരാണ് ആ പ്രദേശത്ത് തെരച്ചില്‍ നടത്തുന്നത്.

ആറ് പേരടങ്ങുന്ന സംഘത്തെയാണ് തെരച്ചിലിന് നിയോഗിക്കുന്നത്. ആദ്യം രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥരും നാല് സൈനികരുമായിരിക്കും പോവുക. രണ്ടാം ഘട്ടത്തിൽ നാല് എസ്‌ഒജി ഉദ്യോഗസ്ഥരും രണ്ട് സൈനികരുമാണ് പോകുന്നത്.

സൂചിപ്പാറ വെള്ളച്ചാട്ടത്തിന് താഴെ ശാന്തൻപാറയില്‍ നിന്നാണ് ഇന്നലെ ഒരു മൃതദേഹം കണ്ടെത്തിയത്. അതിനാല്‍ അവിടേക്ക് എയർഡ്രോപ്പ് ചെയ്ത് തെരച്ചിൽ നടത്തുമെന്നും എഡിജിപി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *