കോഴിക്കോട്: “എന്റെ അച്ഛനും മുത്തച്ഛനും കുടുംബത്തിലെ ഒട്ടുമിക്കവരും മദ്യപിക്കും. അങ്ങനെ തുടങ്ങി. ലിവറിനെ ബാധിക്കുമെന്നായപ്പോള്‍ ബിയർ മാത്രമായി. കൂട്ടുകാരുടെ നിർബന്ധത്തിൽ മറ്റു മദ്യങ്ങളും വീണ്ടും തുടങ്ങി. കുടുംബത്തിനും നാട്ടുകാർക്കും ബുദ്ധിമുട്ടുമാത്രമായി. ഇങ്ങനെ മദ്യപിച്ചാല്‍ ശരിയാകുമോ, ഒരിടം വരെ വരാമോയെന്ന് ഒരിക്കൽ ഭാര്യ ചോദിച്ചു. അവളുടെ വാക്കുകൾ ശരിയാണെന്ന് തോന്നി. ഒന്ന് പോയി നോക്കാമെന്ന് കരുതിയാണ് ബീച്ച് ആശുപത്രിക്കടുത്തുള്ള ‘വിമുക്തി’യിലെത്തിയത്,” -ചികിത്സ തേടിയെത്തിയയാള്‍ പറഞ്ഞു.
ലഹരിവിമുക്ത കേരളം എന്ന ലക്ഷ്യത്തോടെ ആരോഗ്യവകുപ്പിന്റെയും എക്സൈസിന്റെയും നേതൃത്വത്തിലുള്ള പദ്ധതിയാണ് വിമുക്തി. 2023-ൽ 3050 പേരാണ് വിമുക്തിയിൽ ചികിത്സ തേടിയത്. 90 ശതമാനം പേരും ലഹരിയുപയോഗം നിർത്തി. 2024-ൽ ജൂണ്‍ വരെയായി 1500-ലധികം പേര്‍ ചികിത്സയ്ക്കെത്തി.
ബീച്ച് ആശുപത്രിയോടു ചേർന്നുള്ള വിമുക്തി ഡി-അഡിക്ഷൻ സെന്റർ ഏഴു വർഷം പിന്നിടുകയാണ്. ഇവിടെ കിടത്തി ചികിത്സയുമുണ്ട്. ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് ഒ.പി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി നാലു ബെഡ്ഡുള്ള ഒരു വാർഡും പുരുഷന്മാർക്ക് എട്ടു ബെഡ്ഡുള്ള ഒരു വാർഡുമുണ്ട്.
പ്രവർത്തന രീതികൾ:
ചികിത്സ തേടിയെത്തുന്നയാള്‍ക്ക് 21 ദിവസത്തെ കൗണ്‍സലിംഗും മരുന്നും നല്‍കും. അതിനുശേഷം കൃത്യമായി നിരീക്ഷിക്കുകയും എല്ലാ മാസവും ഒരു ഞായറാഴ്ച രോഗം ഭേദമായവര്‍ക്ക് ഗ്രൂപ്പ് തെറാപ്പി നല്‍കുകയും ചെയ്യും.
സൈക്യാട്രിസ്റ്റ്, മെഡിക്കൽ ഓഫീസർ, സൈക്യാട്രിസ്റ്റ് സോഷ്യൽ വർക്കർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, മൂന്ന് നഴ്സിംഗ് സ്റ്റാഫ്, മൂന്ന് സെക്യൂരിറ്റിമാർ, ക്ലീനിംഗ് സ്റ്റാഫ് എന്നിവരാണ് വിമുക്തിയിലുള്ളത്.
വിമുക്തിയുടെ കീഴില്‍:
സ്കൂള്‍, കോളേജ് തലത്തില്‍ ലഹരിവിമുക്ത ക്ലബ്ബുകള്‍, എസ്.പി.സി., എൻ.എസ്.എസ്., കുടുംബശ്രീ, റെസിഡന്റ്സ് അസോസിയേഷനുകള്‍, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍, ലഹരിവിമുക്ത ഓര്‍ഗനൈസേഷനുകള്‍, തദ്ദേശതലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കൂട്ടായ്മകള്‍ എന്നിവയിലൂടെയാണ് ലഹരിക്കെതിരായ പ്രവര്‍ത്തനം.
കുഞ്ഞുങ്ങളോടൊപ്പം സന്തോഷിക്കുന്നു:
“എന്റെ കുട്ടികളുടെ മുഖത്ത് നോക്കാന്‍പോലും പറ്റാത്ത അവസ്ഥയിലാണ് വിമുക്തിയിലേത്തിയത്. അതെന്നെ മാറ്റിമറിച്ചു. കുഞ്ഞുങ്ങളോടൊപ്പം ഇരുന്നു ചായ കുടിക്കുന്നതും സംസാരിക്കുന്നതുമൊക്കെയാണ് ഇപ്പോള്‍ എന്റെ ലഹരി.
ലഹരി ഉപയോഗം ഒഴിവാക്കിയവർ ഒരു കുടുംബംപോലെയാണ്. കൂട്ടത്തിലുള്ള ഒരാളുടെ വീട്ടില്‍ ഒത്തുകൂടും. നല്ല സൗഹൃദങ്ങളുണ്ടായി,” -ചികിത്സ തേടിയയാള്‍ പറഞ്ഞു.
