തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ഹൈസ്കൂളുകളും 12-ാം ക്ലാസുവരെയാക്കി സെക്കൻഡറിയാക്കാൻ ഖാദർ കമ്മിറ്റി റിപ്പോർട്ട് ശുപാർശ ചെയ്തു. ഹൈസ്കൂളും ഹയർസെക്കൻഡറിയും ലയിപ്പിച്ച് കുട്ടികള്‍ക്ക് ആഴത്തിലുള്ള പഠനത്തിന് സൗകര്യം ഉറപ്പാക്കുകയാണ് ഈ നിർദേശത്തിന്റെ പ്രധാന ഉദ്ദേശ്യം.
നിശ്ചിത ശതമാനം അധ്യാപകരുടെ പങ്കാളിത്തമുള്ള അധ്യാപകസംഘടനകള്‍ക്കേ അംഗീകാരം നല്‍കാവൂവെന്നും ഇതിനായി റഫറണ്ടം നടത്തണമെന്നുമാണ് മറ്റൊരു പ്രധാന ശുപാർശ. പ്രീസ്കൂൾ മുതല്‍ 12 വരെ പഠിപ്പിക്കുന്ന മുഴുവൻ അധ്യാപകരെയും ഒരു ഒറ്റനിർവചനത്തിന്റെ പരിധിയില്‍ കൊണ്ടുവരാനും ശുപാർശ ചെയ്തു.
ഇങ്ങനെ ചെയ്യുമ്പോൾ സർവീസിലുള്ള മുഴുവൻ അധ്യാപകരെയും ഒറ്റവിഭാഗത്തില്‍ ഉള്‍പ്പെടുത്തി റഫറണ്ടം നടത്തണം. 18 ശതമാനത്തില്‍ കുറയാത്ത ഒരു സംഖ്യ നിശ്ചയിക്കുന്നതാണ് അഭികാമ്യം.
ഗുണമേന്മാ വിദ്യാഭ്യാസം ലക്ഷ്യമിട്ടാണ് ഹൈസ്കൂളുകളെല്ലാം 12 വരെയാക്കി ഉയർത്താനുള്ള ശുപാർശ. തൊഴില്‍പഠനത്തിന് ഊന്നല്‍ നല്‍കിയുള്ളതാണ് പുതിയ സ്കൂള്‍ പാഠ്യപദ്ധതി.
