ബംഗ്ലാദേശ് എം.പി അമീര്‍ ഹുസൈൻ അമുവിൻ്റെ വസതിയില്‍ നിന്ന് 5 കോടി രൂപ കണ്ടെടുത്തു

ധാക്ക: ഝല്‍കത്തി-2 മണ്ഡലത്തിലെ പാർലമെൻ്റ് അംഗം അമീർ ഹുസൈൻ അമുവിൻ്റെ വസതിയില്‍ നിന്ന് സൈന്യവും പൊലീസും ചേർന്ന് വിദേശ കറൻസി ഉള്‍പ്പെടെ ഏകദേശം 5 കോടി രൂപ കണ്ടെടുത്തു.

തീ അണയ്ക്കാനെത്തിയ അഗ്നിശമന സേനാംഗങ്ങളാണ് പണം കണ്ടത്. തുടര്‍ന്ന് സൈന്യവും പൊലീസുമെത്തി വന്‍തുക കണ്ടെടുക്കുകയായിരുന്നു.

ശൈഖ് ഹസീന രാജിവച്ചതിനെ തുടര്‍ന്ന് രോഷാകുലരായ ജനക്കൂട്ടം ഉച്ചക്ക് 12.30ഓടെ ഝല്‍കാത്തി നഗരത്തിലെ റൊണാള്‍സ് റോഡിലുള്ള അമീര്‍ ഹുസൈന്‍റെ വസതിക്ക് തീയിട്ടിരുന്നു. തീ നിയന്ത്രണവിധേയമാക്കിയെങ്കിലും രാത്രി 12 മണിയോടെ കെട്ടിടത്തിൻ്റെ മൂന്നാം നിലയില്‍ വീണ്ടും തീ പടരുന്നത് നാട്ടുകാർ കണ്ടു. പിന്നീട് വിവരമറിഞ്ഞ് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തീയണക്കുന്നതിനിടെയാണ് കത്തിനശിച്ച സ്യൂട്ട്കേസുകളില്‍ സൂക്ഷിച്ചിരുന്ന നോട്ടുകെട്ടുകള്‍ ശ്രദ്ധയില്‍ പെട്ടത്. ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ വിവരം ഡെപ്യൂട്ടി കമ്മീഷണറെയും പൊലീസ് സൂപ്രണ്ടിനെയും അറിയിച്ചതിനെ തുടര്‍ന്ന് സൈന്യവും പൊലീസുമെത്തി ലഗേജ് കണ്ടെടുത്തു.

ഒരു സ്യൂട്ട് കേസില്‍ നിന്ന് കേടുപാടുകള്‍ കൂടാതെ ഒരു കോടി രൂപയും മറ്റൊരു ലഗേജില്‍ നിന്ന് ഭാഗികമായി കത്തിനശിച്ച 2 കോടി 77 ലക്ഷം രൂപയും കണ്ടെടുത്തു.കൂടാതെ, ഡോളറും യൂറോയുമടക്കം വിവിധ രാജ്യങ്ങളുടെ ഒരു കോടിയോളം രൂപ വിലമതിക്കുന്ന കറൻസിയുണ്ടാകുമെന്നും പൊലീസ് അറിയിച്ചു.

പ്രധാനമന്ത്രി രാജി വച്ച്‌ നാടുവിട്ടിട്ടും ബംഗ്ലാദേശ് ശാന്തമായിട്ടില്ല. 24 മണിക്കൂറിനിടെ വിവിധ അക്രമ സംഭവങ്ങളില്‍ മരിച്ചവരുടെ എണ്ണം135 കടന്നു.മന്ത്രിമാരുള്‍പ്പെടെയുള്ള അവാമി ലീഗ് നേതാക്കളെ പ്രക്ഷോഭകാരികള്‍ ആക്രമിച്ചു. ഇടക്കാല സർക്കാർ രൂപീകരണത്തിനുള്ള ശ്രമം തുടരുകയാണ്.

അതേസമയം കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിയ ശൈഖ് ഹസീന് രാജ്യത്ത് തുടരുകയാണ്. യുപി ഗാസിയാബാദിലെ വ്യോമസേനയുടെ നിയന്ത്രണത്തിലുള്ള ഹിൻഡൻ എയർബേസിലാണ് ഹസീന തങ്ങുന്നത്. ഇന്നലെ വൈകുന്നേരം ഹിൻഡൻ എയർബേസിലെത്തിയ ശൈഖ് ഹസീന, ലണ്ടനില്‍ രാഷ്ട്രീയ അഭയം നേടുന്നതിനുള്ള ചർച്ച തുടരുകയാണ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഉള്‍പ്പെടയുള്ളവർ ഹസീനയുമായി കൂടിക്കാഴ്ച നടത്തി. ബംഗ്ലാദേശില്‍ ഇന്ദിര ഗാന്ധി കള്‍ച്ചറല്‍ സെന്‍റര്‍ അടക്കം പ്രക്ഷോഭകാരികള്‍ അടിച്ചു തകർത്ത സാഹചര്യത്തില്‍ , വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയില്‍ പ്രതിപക്ഷ എംപിമാർ അടിയന്തര പ്രമേയ ത്തിനു നോട്ടീസ് നല്‍കി . രാജ്യസഭയില്‍ കോണ്‍ഗ്രസ് അംഗം മനീഷ് തിവാരിയും രാജ്യസഭയില്‍ രാജീവ് ശുക്ലയും നോട്ടീസ് നല്‍കി. സ്ഥിതിഗതികള്‍ എം.പിമാരെ ധരിപ്പിക്കാനായി കേന്ദ്രം സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *