തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുകയാണ്.
ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്. അതിതീവ്ര ന്യൂനമർദ്ദം കിഴക്കൻ രാജസ്ഥാൻ മേഖലയിൽ നിലകൊള്ളുന്നു. ഇത് തെക്കൻ രാജസ്ഥാൻ-ഗുജറാത്ത് മേഖലയിലേക്ക് സഞ്ചരിച്ച്, ഓഗസ്റ്റ് 29ഓടെ സൗരാഷ്ട്ര-കച്ച് തീരത്തിനടുത്ത് വടക്കുകിഴക്കൻ അറബിക്കടലിൽ എത്തിച്ചേരാൻ സാധ്യതയുണ്ട്.
പശ്ചിമ ബംഗാളിന് മുകളിലും ശക്തമായ ന്യൂനമർദ്ദം നിലനിൽക്കുന്നതായി റിപ്പോർട്ട്. അടുത്ത രണ്ട് ദിവസങ്ങളിൽ ഇത് ഝാർഖണ്ഡ്, ഒഡീഷ ഭാഗങ്ങളിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെയായി ന്യൂനമർദ്ദ പാതി സ്ഥിതിചെയ്യുന്നുണ്ട്. ഓഗസ്റ്റ് 29ഓടെ മധ്യ-കിഴക്കൻ/വടക്കൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല. കർണാടക തീരത്ത് മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്. 28 വരെ കർണാടക തീരത്ത് മണിക്കൂറിൽ 35-45 കിലോമീറ്റർ വേഗതയിലും, ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെ വേഗതയിലും കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
