വേനല്‍ക്കാല വിശ്രമവസതിയായ “പാലമല ബംഗ്ളാവ് “

തെക്കേ ഇന്ത്യയിലെ കേരളത്തിൽ, പാലക്കാട് ജില്ലയിലെ മലമ്പുഴയിൽ, ഭാരതപ്പുഴയുടെ പ്രധാന പോഷകനദിയായ കല്പാതിപ്പുഴയുടെ കൈവഴിയായ മലമ്പുഴ നദിക്കു കുറുകെ നിർമ്മിച്ച അണക്കെട്ടാണ് മലമ്പുഴ അണക്കെട്ട്.

പശ്ചിമഘട്ട മലനിരകളുടെ ഹരിതാഭമായ ആലിംഗനത്തിനിടയിൽ സ്ഥിതി ചെയ്യുന്ന മലമ്പുഴ ഡാം, കേരളത്തിന്റെ ഒരു കിരീടമണിയാണ്. അതിന്റെ മനോഹാരിതയും ശാന്തതയും സഞ്ചാരികളെ ആകർഷിക്കുന്നു.

മലമ്പുഴ ഡാമിന്റെ വടക്കുഭാഗത്തെ പശ്ചിമഘട്ട നിരകളിൽ ബ്രിട്ടീഷുകാർ ഒരു കാലത്ത് കാപ്പി, ചായ, ഏലം, മുന്തിരിത്തോട്ടങ്ങൾ സ്ഥാപിച്ചിരുന്നു. ഇതോടൊപ്പം തൊഴിലാളയങ്ങളും, കുതിരലയങ്ങളും, വിശ്രമമാളികകളും, പള്ളികളും, ഗോഡൗണുകളും, സെമിത്തേരികളും, വണ്ടിവഴികളും ഉണ്ടായിരുന്നു. നീലഗിരി മലനിരകൾ മുതൽ തമിഴ്നാട്ടിലെ കോയമ്പത്തൂർ വരെ നീണ്ട പശ്ചിമഘട്ട ബെൽറ്റിൽ ഈ തോട്ടമേഖല സ്ഥിതിചെയ്യുന്നു. ബ്രിട്ടീഷുകാരുടെ വേനൽക്കാല വിശ്രമവസതികളും ഇവിടെ കണ്ടുപിടിക്കാം, എല്ലാം യൂറോപ്യൻ വാസ്തുശിൽപത്തിലെ മഹത്തായ ഉദാഹരണങ്ങളാണ്. മലമ്പുഴയുടെ മലനിരകളിലൂടെ കുതിരവണ്ടിയിൽ സായിപ്പുകൾ ഊട്ടിയിലേക്ക് യാത്ര ചെയ്തിരുന്നത്, ഇവിടെ ഒരു കാലത്ത് നടന്നിരുന്ന മറ്റൊരു ശ്രദ്ധേയമായ പ്രസ്ഥാനമാണ്.

ഈ തോട്ടങ്ങളിൽ നിന്ന് വിളവെടുത്ത സാധനങ്ങൾ, കുതിരകൾ വലിക്കുന്ന ട്രെയിൻ പാളം വഴി മലമ്പുഴയിലെ കരിമല ഭാഗത്ത് എത്തിച്ച്, അവിടെ നിന്ന് താഴേക്ക് ഇറങ്ങി, കോയമ്പത്തൂരിലെ പോത്തനൂർ റയിൽവേ സ്റ്റേഷനിൽ എത്തിച്ചിരുന്നത് ബ്രിട്ടീഷുകാരുടെ സവിശേഷമായ ഒന്നായിരുന്നു. ഇവിടെ നിന്ന് റെയിൽ മാർഗ്ഗം പാലക്കാട് വഴി കൊച്ചി ഹാർബർ സ്റ്റേഷനിലെത്തിച്ച് കപ്പലിൽ കയറ്റിയിരുന്നത് ഒരു കാലഘട്ടത്തിന്റെ സാക്ഷ്യമായി നിലകൊള്ളുന്നു.

കോഴിക്കോട് സർവ്വേ ആർകൈവ്‌സിൽ നിന്നുള്ള ബ്രിട്ടീഷ് സർവ്വേ രേഖകളിൽ ഈ റെയിൽപാളം രേഖപ്പെടുത്തിയിരുന്നതായി പറയുന്നു. ബ്രിട്ടീഷുകാർ വിട്ടുപോയതിനു ശേഷം ഈ തോട്ടങ്ങൾ കാടുപിടിച്ച്‌ നിബിഢവനമായി മാറി, കെട്ടിടങ്ങളും പാളങ്ങളും ജീർണ്ണിച്ചു. ഈ പ്രദേശത്തെ ബ്രിട്ടീഷുകാരുടെ വേനൽക്കാല വിശ്രമവസതിയായിരുന്ന “പാലമല ബംഗ്ലാവ്” നശിച്ചു വികൃതമായി മാറി. പക്ഷേ, വനമേഖലയിൽ ഇപ്പോഴും കാപ്പി, ചായ, ഏലം, മുന്തിരി എന്നിവയുടെ കൃഷി തുടരുന്നതായി, വനവാസികൾ പറയുന്നു. അട്ടപ്പാടി-ഊട്ടി വഴി ഹൈദരാലി നിർമ്മിച്ചതാണെന്നും, പിന്നീട് ബ്രിട്ടീഷുകാർ അത് പിടിച്ചടക്കിയതാണെന്നും ചരിത്രരേഖകൾ സൂചിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *