കണ്ണൂര്‍: പ്രവാസികളുടെ വിമാന യാത്ര നിരക്കുകൾ അവരുടെ കുട്ടികളുടെ സ്കൂള്‍ അവധിക്കാലത്തും ഓണം, റംസാൻ, ക്രിസ്തുമസ് തുടങ്ങിയ ഉത്സവ സീസണുകളിലും രണ്ട് മടങ്ങും മൂന്ന് മടങ്ങും വർദ്ധിപ്പിച്ചുകൊണ്ട് അവരെ ചൂഷണം ചെയ്യുന്ന വിമാനകമ്പനികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് പ്രവാസി ഫെഡറേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പ്രവാസി ഫെഡറേഷൻ ജില്ലാ പ്രസിഡൻറ് പി.വി. ചിന്നന്‍ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ജോ.സെക്രട്ടറി വിജയൻ നണിയുര്‍, ജില്ല സെക്രട്ടറി കെ.വി. ശശീന്ദ്രന്‍, കുഞ്ഞില്ലത്ത് ലക്ഷ്മണന്‍, ബെന്നി, സുധന്‍ നണിയുര്‍ എന്നിവര്‍ പ്രസംഗിച്ചു.
ഈ ആവശ്യം മുന്നോട്ടുവെച്ച് സെപ്റ്റംബർ 3ന് രാവിലെ 11 മണിക്ക് കണ്ണൂര്‍ ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ച്‌യും ധര്‍ണ്ണയും സംഘടിപ്പിക്കുമെന്ന് ജില്ലാ ഭാരവാഹികൾ അറിയിച്ചു. പ്രതിഷേധ മാര്‍ച്ച് പ്രവാസി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് അഡ്വ. പി. സന്തോഷ്കുമാര്‍ എംപി ഉദ്ഘാടനം ചെയ്യും.
