കൂടുതല്‍ സ്ഥലങ്ങളിലേക്ക് അനായാസം പറക്കാം; എയര്‍ ഇന്ത്യ എക്സ്പ്രസ് വെര്‍ച്വല്‍ ഇന്റര്‍ലൈൻ ആരംഭിച്ചു

എയർ ഇന്ത്യ എക്സ്പ്രസ് രാജ്യത്തെ ആദ്യ വെർച്വൽ ഇന്റർലൈൻ സേവനം, എഐഎക്സ് കണക്റ്റ്, അവതരിപ്പിച്ചിരിക്കുകയാണ്. സിംഗപ്പൂർ ആസ്ഥാനമായുള്ള സ്കൂട്ട് എയർലൈനുമായി ചേർന്നാണ് ഈ വെർച്വൽ ഇന്റർലൈൻ സംവിധാനം ഒരുക്കിയിരിക്കുന്നത്.

ഇതോടെ, രണ്ട് വ്യത്യസ്ത വിമാന കമ്പനികൾ പ്രവർത്തിപ്പിക്കുന്ന ഫ്ലൈറ്റുകൾ എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിൽ നിന്ന് അനായാസം ബുക്ക് ചെയ്യാം. ഒരു ഘട്ടം എയർ ഇന്ത്യ എക്സ്പ്രസിലും അടുത്ത ഘട്ടം സ്കൂട്ട് എയർലൈനിലും പ്രവർത്തിക്കുന്ന കണക്റ്റിംഗ് ഫ്ലൈറ്റുകൾ ബുക്ക് ചെയ്യാൻ യാത്രക്കാർക്ക് എളുപ്പമാകും.

പ്രമുഖ ട്രാവൽ സൊല്യൂഷൻസ് ടെക്നോളജി കമ്പനിയായ ഡോഹോപ്പുമായി സഹകരിച്ചാണ് വെർച്വൽ ഇന്റർലൈനായ എഐഎക്സ് കണക്റ്റ് വികസിപ്പിച്ചിരിക്കുന്നത്. സ്കൂട്ട് എയർലൈനുമായി സഹകരിച്ച്, ഇന്ത്യയിൽ നിന്ന് ഓസ്ട്രേലിയ, ചൈന, ഇന്തോനേഷ്യ, ജപ്പാൻ, ലാവോസ്, മലേഷ്യ, ഫിലിപ്പീൻസ്, കൊറിയ, സിംഗപ്പൂർ, തായ്ലാൻഡ്, വിയറ്റ്നാം എന്നിവിടങ്ങളിലേക്ക് ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ കഴിയും.

എയർ ഇന്ത്യ എക്സ്പ്രസിന്റെ പ്രതിദിനം 380 സർവീസുകളുള്ള ശൃംഖല 32 ആഭ്യന്തര കേന്ദ്രങ്ങളിലേക്കും 14 അന്താരാഷ്ട്ര കേന്ദ്രങ്ങളിലേക്കും സർവീസ് നടത്തുന്നുണ്ട്. ചെന്നൈ, തിരുച്ചിറപ്പള്ളി മുതലായ സ്ഥലങ്ങളിൽ നിന്ന് ബാലി, ഹോ ചി മിൻ സിറ്റി, ഹോങ്കോംഗ്, ഇഞ്ചിയോൺ, മെൽബൺ, പെനാങ്, ഫൂക്കറ്റ്, സിഡ്നി എന്നിവിടങ്ങളിലേക്കോ ദോഹ, ദുബായ്, കുവൈറ്റ്, മസ്കറ്റ് എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യ വഴി സിംഗപ്പൂറിലേക്കോ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

ആഗോള വിപുലീകരണത്തിന്റെ ഭാഗമായി, എയർ ഇന്ത്യ എക്സ്പ്രസ് കൂടുതൽ അന്താരാഷ്ട്ര എയർലൈനുകളുമായി സഹകരിച്ചുകൂടി, കൂടുതൽ സ്ഥലങ്ങളിലേക്ക് ഈ സേവനം വ്യാപിപ്പിക്കാനാണ് ലക്ഷ്യം. ഇന്ത്യയിലേക്ക് കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനും ഈ പങ്കാളിത്തം സഹായകമാകും.

എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലെ വെർച്വൽ ഇന്റർലൈൻ വഴി യാത്രാവിവരങ്ങൾ ബുക്ക് ചെയ്യാനും ട്രാൻസിറ്റ് എയർപോർട്ടിൽ സ്വയം ചെക്ക്-ഇൻ ചെയ്യാനും സാധിക്കും. ഫ്ലൈറ്റ് താമസിച്ചാലോ റദ്ദാക്കിയാലോ തെറ്റായ കണക്ഷൻ ഫ്ലൈറ്റുകളിൽ നിന്ന് സംരക്ഷണം നൽകാനും ഈ സംവിധാനം സഹായകമാകും.

Leave a Reply

Your email address will not be published. Required fields are marked *