ബാന്ദ്രയിലെ സല്‍മാൻ ഖാന്‍റെ വീടിന് നേരെയുണ്ടായ വെടിവെയ്പ്പ് ആസൂത്രണം ചെയ്തത് ഗുണ്ടാ തലവൻ ലോറൻസ് ബിഷ്ണോയിയെന്ന് പ്രതികളില്‍ ഒരാളായ വിക്കി കുമാർ ഗുപ്ത.
പ്രത്യേക കോടതിയില്‍ സമർപ്പിച്ച തന്‍റെ ജാമ്യാപേക്ഷയിലാണ് പ്രതി ഇക്കാര്യം പറഞ്ഞത്. നടനെ കൊല്ലാനായിരുന്നില്ല, മറിച്ച് പേടിപ്പിക്കുക മാത്രമായിരുന്നു ലക്ഷ്യം എന്നും പ്രതി കോടതിയില്‍ പറഞ്ഞു.
കൃഷ്ണമൃഗത്തെ ആരാധിക്കുന്നവരാണ് രാജസ്ഥാനിലെ ബിഷ്‌ണോയ് വിഭാഗം. അതിനെ വെടിവെച്ചുകൊന്നതില്‍ സല്‍മാനോട് കടുത്ത ദേഷ്യവും പകയുമുണ്ട് എന്നും സംഭവത്തില്‍ സല്‍മാൻ ഖാൻ മാപ്പുപറയാത്ത സാഹചര്യത്തിലാണ് അദ്ദേഹത്തെ ലക്ഷ്യം വെച്ചതെന്നും ഇയാള്‍ പറഞ്ഞു.
ബിഷ്‌ണോയ് സംഘത്തിന്‍റെ മേധാവി ലോറൻസ് ബിഷ്‌ണോയിയും സഹോദരൻ അൻമോള്‍ ബിഷ്‌ണോയിയും ചേർന്നാണ് വെടിവെക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്തത്.
കൊവിഡ് കാലത്ത് ജോലി തേടി ഒരു സുഹൃത്തിന്‍റെ സഹായത്തോടെ പഞ്ചാബിലെത്തിയപ്പോഴാണ് അൻമോല്‍ ബിഷ്‌ണോയ് ഇക്കാര്യം ചെയ്യാൻ ആവശ്യപ്പെട്ടതെന്നും അവർ തന്നെ മുംബൈയിലേക്ക് എത്തിക്കുയായിരുന്നുവെന്നും പ്രതി ജാമ്യാപേക്ഷയില്‍ പറയുന്നു.
