വയനാടിന്റെ സ്നേഹ സല്യൂട്ട് ഏറ്റുവാങ്ങി സൈന്യം മടങ്ങി. പ്രകൃതി ദുരന്തത്തിൽ നിസ്സഹായരായ ജനങ്ങൾക്ക് കൈത്താങ്ങും കരുതലുമായി വയനാട്ടിലെത്തിയ സൈന്യത്തിന്റെ ഒരു സംഘം, ദൗത്യം പൂർത്തിയാക്കിയ ശേഷം മടങ്ങി. വെള്ളിയാഴ്ച ഒരു സംഘം സൈനികർ യാത്ര തിരിക്കും.
ജില്ലാ ഭരണകൂടം, സർക്കാർ, ജനങ്ങൾ എന്നിവരുമായി ചേർന്ന് ദുരന്ത ഭൂമിയിൽ രക്ഷാ ദൗത്യത്തിന്റെ മുന്നണിയിൽ സൈന്യത്തിന്റെ സാന്നിധ്യം ഒരു വലിയ പങ്കുവഹിച്ചു. പത്തുനാൾ നീണ്ട രക്ഷാ ദൗത്യത്തിന്റെ അവസാനത്തെ ദിവസത്തിൽ സേനാ വിഭാഗത്തിന് സർക്കാർ, ജില്ലാ ഭരണകൂടം എന്നിവരും സ്നേഹനിർഭരമായ യാത്രയപ്പ് നൽകി.
മുണ്ടക്കൈ – ചൂരൽമല മേഖലയിൽ രക്ഷാപ്രവർത്തനം സുഗമമാക്കുന്നതിനുള്ള ബെയ്ലി പാലം നിർമ്മാണം, ദുരന്തത്തിൽ കാണാതായവരെ കണ്ടെത്തുന്നതിനായി ആറ് മേഖലകളായി തിരിഞ്ഞുള്ള തെരച്ചിൽ എന്നിവയ്ക്കുള്ള നേതൃത്വം സൈന്യം നൽകി. ദുരന്ത മേഖലയിൽ പരിശോധന തുടരുന്നതിന് എൻ.ഡി.ആർ.എഫ്, കേരള പോലീസ്, ഫയർ ആൻഡ് റെസ്‌ക്യൂ, സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് എന്നിവയെ ഉൾപ്പെടെ 1588 പേർ രക്ഷാ ദൗത്യത്തിൽ തുടരും.
കളക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ, മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, എ.കെ ശശീന്ദ്രൻ, ഒ.ആർ കേളു, ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ എന്നിവർ സൈന്യത്തിന് യാത്രയയപ്പ് നൽകി. ഇതിന്റെ ഭാഗമായി, മന്ത്രിമാർ സൈനികർക്ക് ഉപഹാരവും സമ്മാനിക്കുകയും ചെയ്തു.
