പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂരല്‍മലയില്‍; കാല്‍നടയായി ദുരന്തബാധിത മേഖലയില്‍

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തമേഖല സന്ദര്‍ശിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട്ടിലെത്തി.

രാവിലെ 11 മണിയോടെ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് ഉദ്യോഗസ്ഥരും സ്വീകരിച്ചു. കേന്ദ്ര മന്ത്രി സുരേഷ് ഗോപി പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

പ്രധാനമന്ത്രി വ്യോമസേനയുടെ ഹെലികോപ്റ്ററിലൂടെയാണ് ഉച്ചയ്ക്ക് 12.10 വരെ ദുരന്തപ്രദേശങ്ങളിലെ വ്യോമനിരീക്ഷണം നടത്തിയത്. തുടര്‍ന്ന് കല്‍പറ്റയില്‍ ഇറങ്ങി, വാഹനവ്യൂഹത്തിലൂടെ ചൂരല്‍മലയിലേക്ക് യാത്ര നടത്തി.

അവിടെ ദുരിതാശ്വാസ ക്യാമ്ബുകളിലും ആശുപത്രികളിലും കഴിയുന്നവരുമായി സംസാരിച്ച ശേഷം, വയനാട് കളക്ടറേറ്റിലേക്കു പോയ അദ്ദേഹം അവലോകനയോഗത്തിൽ പങ്കെടുക്കും. 3.15-ന് കണ്ണൂരിലേക്ക് തിരികെ മടങ്ങും, വൈകീട്ട് 3.55-ന് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെടും.

പ്രധാനമന്ത്രിയുടെ സന്ദർശനത്തോടെ മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളിലെ ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കപ്പെടുമെന്ന് കേരളം പ്രതീക്ഷിക്കുന്നു. വയനാടിനായി ഒരു പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കുമെന്നാണ് കേരളത്തിന്റെ പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *