സംസ്ഥാനം അതീവ ദുഃഖത്തില്‍; നമുക്ക് അതിജീവിക്കണം,മുഖ്യമന്ത്രി; സ്വാതന്ത്ര്യദിനം ആഘോഷിച്ച്‌ സംസ്ഥാനം

സംസ്ഥാനം 78-ാം സ്വാതന്ത്ര്യദിനം ആചരിച്ചു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയർത്തി, കനത്ത മഴയ്ക്കിടയിലും പരേഡിന് സല്യൂട്ട് സ്വീകരിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ സ്വാതന്ത്ര്യദിന സന്ദേശത്തിൽ വയനാട് ജില്ലയുടെ ദുരന്തപശ്ചാത്തലത്തിൽ സംസ്ഥാനം ദുഃഖത്തിലാണെന്നും, അതിജീവനം അനിവാര്യമാണെന്നും പറഞ്ഞു. വയനാട്ടിൽ കൽപ്പറ്റ എസ്എംകെജെ ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ മന്ത്രി ഒആർ കേളു പതാക ഉയർത്തി. മുണ്ടക്കൈ-ചൂരൽമലയിൽ നടന്ന ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ആഘോഷ പരിപാടികളും പരേഡുകളും ഒഴിവാക്കി.

മലപ്പുറം എംഎസ്പി മൈതാനത്ത് റവന്യു മന്ത്രി കെ രാജൻ, കണ്ണൂർ കളക്ടറേറ്റ് മൈതാനിയിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, കോട്ടയം ജില്ലാ പൊലീസ് പരേഡ് ഗ്രൗണ്ടിൽ മന്ത്രി ജെ ചിഞ്ചുറാണി, തൃശൂർ തേക്കിൻകാട് മൈതാനിയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു, എറണാകുളം കാക്കനാട് പരേഡ് ഗ്രൗണ്ടിൽ മന്ത്രി പി രാജീവ്, പാലക്കാട് മന്ത്രി എംബി രാജേഷ്, പത്തനംതിട്ടയിൽ ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടിൽ മന്ത്രി സജി ചെറിയാൻ, കോഴിക്കോട് വിക്രം മൈതാനിയിൽ മന്ത്രി എകെ ശശീന്ദ്രൻ, എന്നിവരും വിവിധ സ്ഥലങ്ങളിൽ പതാക ഉയർത്തി.

കൊച്ചിയിലെ ദക്ഷിണ നാവിക സേന ആസ്ഥാനത്തും, ദില്ലിയിലെ കേരള ഹൗസിലുമടക്കമുള്ള സ്ഥലങ്ങളിലും സ്വാതന്ത്ര്യദിനാഘോഷങ്ങൾ നടന്നു.

Leave a Reply

Your email address will not be published. Required fields are marked *