സംസ്ഥാനത്ത് ഇന്ന് പിജി ഡോക്ടര്‍മാരുടെ പ്രതിഷേധം

കൊല്‍ക്കത്തയിലെ ആര്‍ജി കാര്‍ ആശുപത്രിയിലെ വനിതാ പിജി ഡോക്ടറുടെ കൊലപാതകത്തെത്തുടര്‍ന്ന് രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നു. ഈ പ്രതിഷേധത്തിന്റെ ഭാഗമായി സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം ഇന്ന് ഭാഗികമായി തടസപ്പെടും.

കരിദിനത്തിന്റെ ഭാഗമായി പിജി ഡോക്ടര്‍മാര്‍ ഇന്ന് ഡ്യൂട്ടി ബഹിഷ്‌കരിച്ച്‌ പ്രതിഷേധിക്കും. അത്യാഹിത വിഭാഗം, അടിയന്തിര ശസ്ത്രക്രിയകള്‍ ഒഴികെയുള്ള ആശുപത്രി സേവനങ്ങള്‍ യുവ ഡോക്ടര്‍മാര്‍ ബഹിഷ്‌കരിക്കുന്നുണ്ട്. പിജി ഡോക്ടര്‍മാരോടൊപ്പം സീനിയര്‍ റസിഡന്റ് ഡോക്ടര്‍മാരും സമരത്തില്‍ പങ്കെടുക്കുന്നു.

സെന്‍ട്രല്‍ പ്രൊട്ടക്ഷന്‍ ആക്ട് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട്, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോക്ടര്‍മാരും ഡ്യൂട്ടി ബഹിഷ്‌കരണ സമരത്തില്‍ പങ്കെടുക്കുകയാണ്.

സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ ദേശീയ സംഘടനയുടെ ആഹ്വാനപ്രകാരമാണ് കേരളത്തിലും സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇന്ന് കരിദിനം ആചരിക്കുന്നത്. ഈ മാസം 18 മുതല്‍ 31 വരെ സംസ്ഥാനത്തെ എല്ലാ ആരോഗ്യസ്ഥാപനങ്ങളിലും സുരക്ഷാ ക്യാംപയിന്‍ നടത്തുമെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *