തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ഭീഷണി തത്ക്കാലം ഇല്ലെന്ന് സൂചന. കേന്ദ്ര കാലാവസ്ഥ പ്രവചനം പ്രകാരം ഇന്ന് സംസ്ഥാനത്ത് ഏതെങ്കിലും ജില്ലയിലും ഓറഞ്ച് അല്ലെങ്കിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടില്ല. 25-ാം തിയതി വരെ സംസ്ഥാനത്ത് പ്രത്യേക മഴ മുന്നറിയിപ്പുകളില്ലെന്നത് ആശ്വാസമായി.
എന്നാൽ, 25-ാം തീയതി മുതൽ മഴ വീണ്ടും ശക്തമാകാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. വടക്കൻ ബംഗാൾ ഉൾക്കടലിൽ ഓഗസ്റ്റ് 24-നു ചക്രവാതചുഴി രൂപപ്പെടാൻ സാധ്യതയുള്ളതായി റിപ്പോർട്ടുണ്ട്, ഇതോടെ 25-ാം തീയതി കേരളത്തിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കണ്ണൂർ, കാസർഗോഡ് തീരങ്ങളിൽ ഉയർന്ന തിരമാലകൾക്കും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. 22/08/2024 രാത്രി 11.30 വരെ 2.7 മുതൽ 3.1 മീറ്റർ വരെ ഉയർന്ന തിരമാലകൾക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
ലക്ഷദ്വീപിലെ അഗത്തി, അമിനി തീരങ്ങളിലും ഉയർന്ന തിരമാല ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.
ജാഗ്രത നിർദേശങ്ങൾ:
- കടലിൽ പ്രക്ഷുബ്ധമായ സാഹചര്യങ്ങൾ ഉള്ളതിനാൽ അപകട മേഖലകളിൽ നിന്ന് സുരക്ഷിത സ്ഥലത്തേക്ക് മാറുക.
- മത്സ്യബന്ധന വള്ളങ്ങൾ സുരക്ഷിതമായി ഹാർബറിൽ കെട്ടിയിട്ട് സൂക്ഷിക്കുക.
- ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങി വിനോദവും പൂർണമായും ഒഴിവാക്കുക.
