യു.എ.ഇ.യിലെ ഏറ്റവും നീളം കൂടിയ ഹത്ത പർവത പാതകൾ നവീകരണ ശേഷമിവിടെ സൈക്ലിങ്, നടത്തം എന്നിവക്ക് അനുയോജ്യമായ പാതകളും വിശ്രമ കേന്ദ്രങ്ങളുമടക്കം ഒട്ടേറെ സൗകര്യങ്ങളുമായി ദുബായ് മുനിസിപ്പാലിറ്റി വീണ്ടും തുറന്നു. 86 കിലോമീറ്ററോളം വ്യാപിച്ചിരിക്കുന്ന ഈ പാതകൾ പല സ്ഥലങ്ങളിലും പർവത കായിക വിനോദങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ളതിനൊപ്പം, ഹത്തയെ ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രമായി ഉയർത്താനും ദുബായ് മുനിസിപ്പാലിറ്റി ശ്രമിക്കുന്നു.
53 കിലോമീറ്ററോളം നീളമുള്ള 21 സൈക്ലിങ് പാതകളും 33 കിലോമീറ്റർ നീളത്തിലുള്ള 17 നടപ്പാതകളും ഹത്തയിൽ ഒരുക്കിയിട്ടുണ്ട്. പാതകളുടെ കാഠിന്യത്തെ ആശ്രയിച്ച് ഇവ പച്ച, നീല, ചുവപ്പ്, കറുപ്പ് എന്നീ നാല് നിറ കോഡുകളിൽ തിരിച്ചിട്ടുണ്ട്. ഓരോ നിറത്തിനും പ്രത്യേക രീതിയിലുള്ള സൈക്ലിങ്, നടപ്പാതകളും നിലവിലുണ്ട്.
പർവതനിരകൾ, താഴ്വരകൾ, പരുക്കൻ പാറകൾ എന്നിവയിലൂടെ കടന്നുപോകുന്ന ഈ പാതകൾ പ്രകൃതിഭംഗി ആസ്വദിച്ച് സൈക്കിള്‍ ചവിട്ടാനും നടത്തത്തിനും അവസരം നൽകുന്നു.
അന്താരാഷ്ട്ര പരിപാടികള്‍, മത്സരങ്ങള്‍ എന്നിവയ്ക്ക് അനുയോജ്യമായ സൗകര്യങ്ങൾ പുതിയ പാതകളിൽ ഒരുക്കിയിട്ടുണ്ട്. ഹത്തയിലേക്ക് കൂടുതല്‍ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി പാർക്കിങ് സൗകര്യങ്ങൾ, ശൗചാലയങ്ങൾ, വാടക ബൈക്കുകൾ, പെട്രോൾ സ്റ്റേഷനുകൾ, വിശ്രമകേന്ദ്രങ്ങൾ എന്നിവയും മെച്ചപ്പെടുത്തുകയും, കൂടുതൽ സേവനങ്ങളും നൽകുകയും ചെയ്തിട്ടുണ്ടെന്ന് ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടർ-ജനറല്‍ ദാവൂദ് അല്‍ ഹജ്രി അറിയിച്ചു.
