രഞ്ജിത്തിനെ മാറ്റണം, അല്ലെങ്കിൽ നടിയോട് ചെയ്യുന്നത് അപമാനം; ഉർവശി

ബംഗാളി നടിയുടെ മീ ടൂ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ, സംവിധായകൻ രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് നടി ഉർവശി ആവശ്യപ്പെട്ടു. രഞ്ജിത്ത് മാറി നിന്നു അന്വേഷണം നേരിടണമെന്നും, ഇത് നടിയോടുള്ള അപമാനമായി മാറരുതെന്നും, ദുരനുഭവം നേരിട്ട നടിയോടൊപ്പം സർക്കാർ നിലകൊള്ളണമെന്നും ഉർവശി അഭിപ്രായപ്പെട്ടു.

ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ അമ്മ കടുത്ത നിലപാട് എടുക്കണമെന്നും, പഠിച്ചത് മതി, ഇപ്പോൾ എക്സിക്യൂട്ടീവ് കമ്മിറ്റിയെ ഉടൻ വിളിച്ചുചേർക്കണമെന്നും ഉർവശി മാധ്യമങ്ങളോട് പറഞ്ഞു.

“എനിക്കൊന്നും സംഭവിച്ചിട്ടില്ല അതുകൊണ്ട് മിണ്ടാതിരിക്കാം എന്നതല്ല, കമ്മീഷൻ റിപ്പോർട്ടിലെ വെളിപ്പെടുത്തലുകൾ ഗൗരവത്തോടെ കാണണം. ബംഗാളി നടിയുടെ വെളിപ്പെടുത്തൽ ഞെട്ടലുണ്ടാക്കിയെന്നും, അവർ അവരുടെ നാട്ടിൽ പോയി എന്ത് പറഞ്ഞിരിക്കും?” എന്നും ഉർവശി ചോദിച്ചു.

“സിദ്ദിഖിന്റെ പ്രസ്താവന കേട്ടു, അങ്ങനെയൊന്നുമല്ല, ഇങ്ങനെയൊന്നുമല്ല എന്ന് പറയുന്നത് ശരിയല്ല. ഒരു സ്ത്രീ തന്റെ ലജ്ജയും മാനവും മാറ്റിവച്ച്‌ കമ്മീഷന് മുന്നിൽ തുറന്നുപറഞ്ഞ കാര്യങ്ങളാണ് ഈ റിപ്പോർട്ടിൽ. അതിന്മേൽ ഉടൻ നടപടി വേണം,” ഉർവശി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *