അബുദാബി: കേരളം ഉള്‍പ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് ധാരാളം ചെറുപ്പക്കാര്‍ തൊഴിലും പഠനവും ലക്ഷ്യമാക്കി യുഎഇയിലേക്ക് യാത്ര ചെയ്യുന്നു. 18നും 30നും ഇടയില്‍ പ്രായമുള്ളവര്‍ കൂടുതലായും വരാറുണ്ട്. ഇത്തരത്തില്‍ യുഎഇയില്‍ എത്തുന്നവരെ ലക്ഷ്യമാക്കി പുതിയൊരു തട്ടിപ്പ് വ്യാപകമായി നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
ടിന്‍ഡര്‍ പോലുള്ള ഡേറ്റിംഗ് ആപ്പുകളാണ് ഇതിന് ഉപകരിക്കുന്നത്. പല മുതിര്‍ന്ന പുരുഷന്മാരും ഇതിന്റെ ഇരകളായി മാറുന്നുണ്ട്. ഈ ഡേറ്റിംഗ് ആപ്പുകള്‍ ഉപയോഗിച്ച് നൈറ്റ് ക്ലബ്ബുകളില്‍ ഡേറ്റിംഗിന് പോയ പലരുടെയും 10,000 ദിര്‍ഹംവരെ (ഏകദേശം 2 ലക്ഷത്തോളം രൂപ) നഷ്ടമായിട്ടുണ്ട്.
വ്യാജ പ്രൊഫൈലുകള്‍ ഉപയോഗിച്ച് സ്ത്രീകള്‍ പുരുഷന്മാരെ സമീപിക്കുന്നു, തുടര്‍ന്ന് നൈറ്റ് ക്ലബ്ബുകളില്‍ ഡേറ്റിംഗിന് ക്ഷണിക്കുകയും വിവിധ ബില്ലുകള്‍ അടയ്ക്കാന്‍ അവരെ നിര്‍ബന്ധിതരാക്കുകയും ചെയ്യും. ഈ തട്ടിപ്പിന് പിന്നില്‍ ഒരു സംഘമാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് കണ്ടെത്തല്‍.
ഈ തരം തട്ടിപ്പുകള്‍ ദുബായിലെ ബിസിനസ് ബേ, ദുബായ് മറീന പോലെയുള്ള ആഡംബര മേഖലകളില്‍ വ്യാപകമായി നടക്കുന്നുണ്ടെന്ന് ഹോസ്പിറ്റാലിറ്റി രംഗത്തുള്ളവര്‍ പറയുന്നു. അതേസമയം, ദുബായിലെ സാമ്ബത്തിക, ടൂറിസം വകുപ്പ് ഇതുവരെ ഈ തട്ടിപ്പുകള്‍ക്കെതിരെ പ്രതികരിച്ചിട്ടില്ല.
