ഡല്‍ഹി: യു എ ഇയില്‍ നിന്ന് ഇന്ത്യയിലേക്ക് സ്വർണം അടക്കമുള്ള വിലയേറിയ ലോഹങ്ങളുടെ ഇറക്കുമതി വളരെ ഉയർന്നതായി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന്, ഇരുരാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ വീണ്ടും പരിശോധിക്കാനുളള നീക്കങ്ങൾ ആരംഭിച്ചു. ഇറക്കുമതിയുമായി ബന്ധപ്പെട്ട ചില വ്യാപാരികൾ നികുതി സംവിധാനത്തിലെ പഴുതുകൾ ഉപയോഗപ്പെടുത്തുന്നതായുള്ള സംശയങ്ങളും ഈ ചർച്ചകളിൽ പ്രധാനമായിടംപിടിച്ചേക്കും.
ഇരു രാജ്യങ്ങളുടെയും സമഗ്ര സാമ്പത്തിക പങ്കാളിത്ത ഉടമ്പടി (സിഇപിഎ) അവലോകനം ചെയ്യുന്നതിന്റെ ഭാഗമായി, അടുത്ത മാസം യു എ ഇയില്‍ വ്യാപാര മേഖലയുമായി ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരുമെന്ന് അന്താരാഷ്ട്ര മാധ്യമമായ ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നു.
യോഗത്തിൽ, പ്ലാറ്റിനം, വെള്ളി, സ്വർണ്ണം തുടങ്ങിയ വിലയേറിയ ലോഹങ്ങളുടെ ഇറക്കുമതിയുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങൾ പ്രധാന ചർച്ചാ വിഷയങ്ങളായേക്കാമെന്നാണ് സൂചന.
ഇന്ത്യയുടേയും യു എ ഇയുടേയും വാണിജ്യ മന്ത്രാലയങ്ങൾ ഇതേക്കുറിച്ച് പ്രതികരിക്കാൻ തയ്യാറായിട്ടില്ല. നിലവിലുള്ള കരാർ പ്രകാരം, ഇന്ത്യ ഇതിനകം തന്നെ സ്വർണ്ണത്തിന്മേലുള്ള സ്റ്റാൻഡേർഡ് ഇറക്കുമതി നികുതി കുറച്ചിട്ടുണ്ടെങ്കിലും, 2024ന്റെ ആദ്യ പകുതിയിൽ വെള്ളിയും പ്ലാറ്റിനവും അടക്കമുള്ള ലോഹങ്ങളുടെ ഇറക്കുമതിയിൽ വൻ വര്‍ധനവ് ഉണ്ടായിട്ടുള്ളതായി ഔദ്യോഗിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഇരുരാജ്യങ്ങളുടെയും വ്യാപാര നയങ്ങൾ കൂടുതൽ ഗൗരവത്തോടെ പരിശോധിച്ച് പ്രായോഗിക പരിഹാരങ്ങൾ കൊണ്ടുവരാൻ പുതിയ ചർച്ചകൾക്ക് ഒരുങ്ങുന്നതായാണ് സൂചന.
