നയ്റോബി: സെൻട്രൽ കെനിയയിലെ ബോർഡിംഗ് സ്കൂളിലെ ഡോർമറ്ററിയിൽ ഉണ്ടായ തീപിടിത്തത്തിൽ 17 കുട്ടികൾ ദാരുണമായി മരിച്ചിരുന്നു. 14 പേർക്ക് ഗുരുതരമായി പൊള്ളലേറ്റു.
നയേരി കൗണ്ടിയിലെ ഹിൽസൈഡ് എൻഡരാഷ് പ്രൈമറി സ്കൂളിലാണ് തീപിടിത്തം ഉണ്ടായത്. 5 മുതൽ 12 വയസ്സ് വരെ പ്രായമുള്ള കുട്ടികളാണ് ബോർഡിംഗ് സ്കൂളിൽ ഉണ്ടായിരുന്നത്. മരിച്ചവരെ തിരിച്ചറിയാനായിട്ടില്ല, കൂടാതെ മരണസംഖ്യ ഇനിയും ഉയരാനുള്ള സാധ്യതയുണ്ടെന്ന് ആശങ്ക പ്രകടിപ്പിക്കപ്പെടുന്നു.
തീപിടിത്തത്തിന്റെ കാരണം അന്വേഷിച്ചുവരികയാണെന്ന്, അതിനായി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും പോലീസ് വക്താവ് റെസില ഒനിയാംഗോ അറിയിച്ചു. സിഐഡി ഡെപ്യൂട്ടി ഡയറക്ടർ ജോൺ ഒൻയാങ്കോയും ഹോമിസൈഡ് ഡയറക്ടർ മാർട്ടിൻ ന്യുഗുട്ടോയും അടങ്ങുന്ന പൊലീസ് സംഘം അന്വേഷണത്തിന് നിയോഗിക്കപ്പെട്ടിട്ടുണ്ട്.
സംഭവം ഏറെ ദു:ഖം ജനിപ്പിച്ചുവെന്നും സമഗ്ര അന്വേഷണം നടത്തുമെന്ന് കെനിയൻ പ്രസിഡൻറ് വില്യം റൂട്ടോ വ്യക്തമാക്കി. ദുരിതമനുഭവിക്കുന്ന വിദ്യാർത്ഥികൾക്കും അധ്യാപകർക്കും കുടുംബങ്ങൾക്കും ആവശ്യമായ എല്ലാ പിന്തുണയും കെനിയ റെഡ്ക്രോസ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇവർ സ്കൂളിൽ സഹായത്തിനായി ഹെൽപ് ഡെസ്‌ക് സജ്ജീകരിച്ചതായും അറിയിച്ചു.
കെനിയയിലെ ബോർഡിംഗ് സ്കൂളുകളിൽ ഇതിനു മുമ്പും തീപിടിത്തം സംഭവിച്ചിട്ടുണ്ട്. 2017-ൽ നയ്റോബിയിലെ മോയി ഗേൾസ് ഹൈസ്കൂളിൽ ഉണ്ടായ തീപിടിത്തത്തിൽ 10 കുട്ടികൾ മരിച്ചിരുന്നു.
