ഇസ്രായേലിനെതിരായ സഖ്യം രൂപീകരിക്കണമെന്ന് തുർക്കി പ്രസിഡന്റ് എർദോഗൻ:
ഇസ്രയേലിന്റെ “ധാർഷ്ട്യം, കൊള്ളയടി, ഭരണകൂട ഭീകരത” തടയാൻ ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയുണ്ടാകണമെന്ന് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ ആഹ്വാനം ചെയ്തു. ഇസ്താംബൂളിലെ ഒരു ഇസ്ലാമിക് സ്‌കൂൾ അസോസിയേഷൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്രയേൽ അധിനിവേശ വെസ്റ്റ്ബാങ്കിൽ വെള്ളിയാഴ്ച നടന്ന പ്രതിഷേധത്തിൽ ഇസ്രയേൽ സൈന്യം ഒരു തുർക്കി-അമേരിക്കൻ സ്ത്രീയെ കൊലപ്പെടുത്തിയ സംഭവത്തോടെയാണ് എർദോഗൻ ഈ പരാമർശം നടത്തിയത്.
ഇസ്രയേലിനെതിരായ ഐക്യനിര സൃഷ്ടിക്കാനും, പ്രത്യേകിച്ച് ഈജിപ്തും സിറിയയും ഉൾപ്പെടുന്ന നയതന്ത്രബന്ധങ്ങൾ പുനഃസ്ഥാപിക്കാനും തുർക്കി ശ്രമിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ലബനാനിലെയും സിറിയയിലെയും ഇസ്രയേൽ അധിനിവേശ ഭീഷണിയ്ക്കെതിരെ പ്രതിരോധം ശക്തമാക്കുകയാണ് ലക്ഷ്യമെന്നും എർദോഗൻ കൂട്ടിച്ചേർത്തു.
ഇതിനു പ്രതികരിച്ച ഇസ്രയേൽ വിദേശകാര്യ മന്ത്രി ഇസ്രയേൽ കാറ്റ്സ്, തുർക്കി ഹമാസിന് വേണ്ടി വിദ്വേഷവും അക്രമവും പ്രചരിപ്പിക്കുന്നു എന്നായിരുന്നു വിമർശനം. “ഇസ്ലാമിക രാജ്യങ്ങളെ ഇസ്രയേലിനെതിരെ സഖ്യമായി തീർക്കാൻ എർദോഗൻ ശ്രമിക്കുന്നു,” -എന്നാണ് കാറ്റ്സിന്റെ പരാമർശം.
