ഓണത്തോട്‌ അനുബന്ധിച്ച്‌ വിവിധ വിഭാഗങ്ങള്‍ക്ക്‌ ആനുകൂല്യങ്ങള്‍ അനുവദിച്ച്‌ സംസ്ഥാനസര്‍ക്കാര്‍

ഓണത്തിന് തൊഴിലാളികൾക്കും വിവിധ വിഭാഗങ്ങൾക്കും ആനുകൂല്യങ്ങൾ:

ഓണാഘോഷത്തോട് അനുബന്ധിച്ച് സംസ്ഥാനത്ത് വിവിധ വിഭാഗങ്ങളിലെ തൊഴിലാളികൾക്ക് വിവിധ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചതായി ധനമന്ത്രി കെ. എൻ. ബാലഗോപാൽ അറിയിച്ചു. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 100 പ്രവർത്തി ദിവസങ്ങൾ പൂർത്തിയാക്കിയ 5.69 ലക്ഷം തൊഴിലാളികൾക്ക് 1000 രൂപ ഉത്സവബത്തയായി അനുവദിച്ചു. ഇതിന് 56.91 കോടി രൂപയാണ് അനുവദിച്ചത്.

അയ്യൻകാളി നഗര തൊഴിലുറപ്പ് പദ്ധതിയിലെയും 100 തൊഴിൽ ദിവസങ്ങൾ പൂർത്തിയാക്കിയ 5929 തൊഴിലാളികൾക്കും 1000 രൂപ ബത്ത അനുവദിച്ചിട്ടുണ്ട്. കയർ ഉൽപന്ന സ്ഥാപനങ്ങൾക്കായുള്ള വിപണി വികസന ഗ്രാന്റിനായി 10 കോടി രൂപയും അനുവദിച്ചു. ഇതുവഴി കയർഫെഡ്, സംസ്ഥാന കയർ കോർപറേഷൻ, കയർ മാറ്റ്‌സ് ആൻഡ് മാറ്റിങ്‌സ് സംഘങ്ങൾ എന്നിവിടങ്ങളിലെ തൊഴിലാളികൾക്ക് ഓണ ആനുകൂല്യങ്ങൾ ഉറപ്പാക്കും.

പൂട്ടിയ സ്വകാര്യ കയർ വ്യവസായങ്ങളിലെ 2000 തൊഴിലാളികൾക്ക് 2000 രൂപ എക്സ്ഗ്രേഷ്യ അനുവദിച്ചിട്ടുണ്ട്. 100 ക്വിന്റലിന് താഴെ കയർ പിരിച്ച തൊഴിലാളികൾക്കാണ് ഈ ആനുകൂല്യം. 10,732 തൊഴിലാളികൾക്ക് 2.15 കോടി രൂപയാണ് ഇതിനായി നീക്കിവച്ചിരിക്കുന്നത്.

ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാർക്ക് പ്രതിഫലമായി 19.81 കോടി രൂപയും അനുവദിച്ചിരിക്കുകയാണ്. 9000 ഏജന്റുമാർക്ക് ഒരു ഗഡുവിൽ പ്രതിഫലം ലഭിക്കും. കൈത്തറി സ്‌കൂൾ യൂണിഫോം പദ്ധതിക്കായി 30 കോടി രൂപയും കൈത്തറി തൊഴിലാളികൾക്കുള്ള കൂലി വിതരണം ചെയ്യാനും, അങ്കണവാടി സേവനത്തിനായി 87.13 കോടി രൂപയും അനുവദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *