ദേശീയപാതകളിലെ ടോള്‍ ബൂത്തുകളില്‍ നിന്നുള്ള നീണ്ട ക്യൂകള്‍ ഒഴിവാക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ദേശീയപാത നിയമങ്ങളില്‍ മാറ്റം കൊണ്ടുവന്നു. പുതിയ നിയമം പ്രകാരം, സ്വകാര്യ വാഹനങ്ങള്‍ക്ക് ദിവസവും 20 കിലോമീറ്റര്‍ വരെ ടോള്‍ തുക അടയ്ക്കേണ്ടതില്ല.
കേന്ദ്ര ഗതാഗത മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ, ഗ്ലോബല്‍ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം (ജിഎന്‍എസ്‌എസ്) സംവിധാനം രാജ്യത്ത് നടപ്പാക്കുന്ന കാര്യം വ്യക്തമാക്കിയിട്ടുണ്ട്. 2008-ലെ ദേശീയപാത ഫീ ചട്ടങ്ങളിലാണ് ഇത് സംബന്ധിച്ച മാറ്റം വരുത്തിയിരിക്കുന്നത്.
ഇനി മുതൽ, ജിഎന്‍എസ്‌എസ് സജ്ജീകരിച്ചിട്ടുള്ള വാഹനങ്ങള്‍ 20 കിലോമീറ്റർ വരെ ടോള്‍ടാക്സിൽ നിന്ന് ഇളവ് നേടും. 20 കിലോമീറ്റർ കവിഞ്ഞുള്ള യാത്രകള്‍ക്ക് ദൂരമനുസരിച്ചായിരിക്കും ഫീസ് ഈടാക്കുന്നത്.
ഇത് നിലവിലുള്ള ഫാസ്ടാഗ് സംവിധാനത്തിന് പകരമായി ഉപഗ്രഹം വഴി നിയന്ത്രിക്കുന്ന പുതിയ സാങ്കേതിക വിദ്യയിലേക്കുള്ള മാറ്റമാണെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു. പുതിയ രീതിയില്‍, വാഹനത്തിന് സാറ്റലൈറ്റ് ട്രാക്കിങ് ഉപകരണം ഘടിപ്പിച്ച് വാഹനത്തിന്റെ ദൂരം ഉപഗ്രഹം വഴി പരിശോധിക്കും, ഈ ഡാറ്റ ഉപയോഗിച്ച് ടോള്‍ തുക പിരിക്കും.
ഓട്ടോമാറ്റിക് സാങ്കേതിക സംവിധാനത്തിന്റെ പ്രാരംഭഘട്ടം വാണിജ്യ വാഹനങ്ങളിലാണ് ആദ്യം പരീക്ഷിക്കുന്നത്.
