സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് ഇനിമുതല്‍ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

കേരളത്തിലെ കൃഷി വകുപ്പിന് കീഴിൽ കർഷകർക്ക് ഔദ്യോഗിക തിരിച്ചറിയൽ കാർഡുകൾ ഏർപ്പെടുത്താനുള്ള പുതിയ പദ്ധതി ആരംഭിച്ചു. കാർഷിക മേഖലയുടെ ശാക്തീകരണത്തിന്‍റെ ഭാഗമായാണ് ഈ സംരംഭം. കർഷകർക്ക് തിരിച്ചറിയൽ കാർഡ് ലഭ്യമാക്കുന്നതിന് കൃഷി വകുപ്പ് “കതിർ” ആപ്പ് വഴി രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കണം.

സ്വന്തമായും പാട്ടത്തിനുമുള്ള കൃഷി ചെയ്യുന്ന എല്ലാ കർഷകരും ഈ തിരിച്ചറിയൽ കാർഡ് സ്വന്തമാക്കാൻ അർഹരാണ്. കാർഡ് ലഭിക്കുന്നതോടെ സബ്സിഡി നിരക്കിലുള്ള കാർഷിക ഉൽപ്പന്നങ്ങൾ, ഇൻഷുറൻസ് പദ്ധതികൾ, പ്രകൃതിക്ഷോഭ നഷ്ടപരിഹാരം തുടങ്ങിയ വിവിധ ആനുകൂല്യങ്ങൾ കർഷകർക്ക് ലഭ്യമാകും. കൂടാതെ, കാർഷിക വായ്പകൾ ഉൾപ്പെടെ ധനകാര്യ സ്ഥാപനങ്ങളിലെ സാമ്പത്തിക സഹായങ്ങൾക്കും ഈ കാർഡ് ഉപയോഗപ്രദമാകും.

പഞ്ചവത്സര കാലാവധിയുള്ള ഈ കാർഡുകൾ ഭാവിയിൽ സംസ്ഥാന സർക്കാറിന്റെ വിവിധ സാമൂഹിക സുരക്ഷാ പദ്ധതികളിൽ ആധികാരിക രേഖയായി ഉപയോഗിക്കപ്പെടും. കർഷകർക്ക് ഉൽപ്പന്നങ്ങൾ നേരിട്ട് വിപണനം ചെയ്യുന്നതിനും ഡിജിറ്റൽ ഐഡി കാർഡ് ഉപയോഗിക്കാനാകും.

കർഷക സേവനങ്ങൾ കൂടുതൽ സുതാര്യമാക്കുക, കർഷകരുടെ വിവരശേഖരണം സുഗമമാക്കുക, കർഷകരുടെ സമഗ്ര വികസനത്തിനുള്ള പിന്തുണ നൽകുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണു കൃഷിവകുപ്പിന്റെ സമ്പൂർണ ഡിജിറ്റൽ പ്ലാറ്റ്ഫോമായ കതിർ ആപ്പ് വഴി തിരിച്ചറിയൽ കാർഡ് സംവിധാനം നടപ്പിലാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *