തൃശൂർ: ഗുരുവായൂർ ക്ഷേത്ര നടപ്പന്തലിൽ, വിഡിയോഗ്രാഫി സംബന്ധിച്ച് ഹൈക്കോടതി പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വിവാഹചടങ്ങുകൾക്കും മറ്റു മതപരമായ ചടങ്ങുകൾക്കുമല്ലാതെ വിഡിയോഗ്രാഫി അനുവദിക്കരുതെന്ന് കോടതി വ്യക്തമാക്കി. സെലിബ്രിറ്റികളെ അനുഗമിച്ചുള്ള വ്ലോഗർമാരുടെ വിഡിയോഗ്രാഫിയും നിരോധിക്കണമെന്ന് കോടതി ഉത്തരവിൽ പറയുന്നു.
“ക്ഷേത്ര നടപ്പന്തൽ ജന്മദിന കേക്ക് മുറിക്കാനുള്ള സ്ഥലമല്ല,” എന്ന് ഹൈക്കോടതി ശക്തമായി ചൂണ്ടിക്കാട്ടി. ചിത്രകാരി ജസ്ന സലീം ഗുരുവായൂർ ക്ഷേത്രത്തിൽ കേക്ക് മുറിച്ചതുമായി ബന്ധപ്പെട്ട ഹർജിയിലാണ് ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രനും പി.ജി. അജിത് കുമാറും ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
ഗുരുവായൂർ ക്ഷേത്രത്തിലും, നടപ്പന്തൽ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും, അഹിന്ദുക്കൾക്ക് പ്രവേശനം അനുവദിക്കരുതെന്ന ആവശ്യം ഉന്നയിച്ച റിട്ട് ഹർജിയിലാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ജസ്ന സലീം മുസ്ലീമായിട്ടും ശ്രീകൃഷ്ണ ഭക്തയാണെന്ന അവകാശവാദത്തിൽ ക്ഷേത്രത്തിൽ കേക്ക് മുറിച്ച വീഡിയോ പുറത്തുവന്നതോടെയാണ് ഈ ഹർജി സമർപ്പിക്കപ്പെട്ടത്.
ഹർജിക്കാർ 1965-ലെ കേരള ഹിന്ദു പൊതു ആരാധനാലയ നിയമത്തിന്റെ ലംഘനം ആരോപിച്ച് ജസ്ന സലീമിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. 2024 ഒക്‌ടോബർ 18-ന് കേസ് വീണ്ടും പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി.
