തിരുവനന്തപുരം: ഓണത്തിന് 2 മാസത്തെ ക്ഷേമ പെൻഷൻ നൽകാൻ സർക്കാർ തീരുമാനിച്ചു. 5 മാസത്തെ കുടിശികയിൽ ഒരു ഗഡുവും നടപ്പു മാസത്തെ പെൻഷനും നൽകും. ഓണക്കാല ചിലവുകൾക്കായി 3000 കോടി രൂപ ധനവകുപ്പ് കടമെടുക്കും. 60 ലക്ഷം പെൻഷൻകാർക്ക് 3200 രൂപ വീതം ഈ മാസം അവസാനം മുതൽ ലഭ്യമായിത്തുടങ്ങും. 1800 കോടി രൂപ ഇതിനായി വകയിരുത്തിയിട്ടുണ്ട്. 5 മാസത്തെ കുടിശികയിൽ 2 മാസത്തെ ഈ സാമ്പത്തിക വർഷവും ബാക്കി 3 മാസത്തെ അടുത്ത സാമ്പത്തിക വർഷവും നൽകുമെന്ന് മുഖ്യമന്ത്രി മുൻപ് പ്രഖ്യാപിച്ചിരുന്നു.
ഓണക്കാലത്ത് ഒരുമാസത്തെ കുടിശികയും ചേർത്ത് നടപ്പു മാസത്തെ പെൻഷൻ അനുവദിക്കുകയാണ്. ഓണക്കാല ചിലവുകൾക്കായി ഏകദേശം 5000 കോടി രൂപയെങ്കിലും ആവശ്യമാണെന്നാണ് കണക്ക്. ഡിസംബർ വരെ കേന്ദ്രം അനുവദിച്ച കടമെടുപ്പ് പരിധിയിൽ 3753 കോടി രൂപ ബാക്കിയുണ്ട്. അതിൽ 3000 കോടി കടമെടുത്ത് ക്ഷേമ പെൻഷൻ നൽകാനും അത്യാവശ്യ ചിലവുകൾക്കായി തുക വകയിരുത്താനും തീരുമാനിച്ചിരിക്കുകയാണ്. കേരളത്തിന് അനുവദനീയമായ സാമ്പത്തിക സഹായത്തിൽ 15,000 കോടി രൂപയുടെ കുറവ് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് കണക്ക്. ഇതു അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രാലയവുമായി നിരന്തരം ചർച്ച നടത്തുന്നതായി ധനവകുപ്പ് അറിയിച്ചു.
