വാടാനപ്പള്ളി: അനധികൃതമായി ചെറുമത്സ്യങ്ങള്‍ പിടിച്ച മത്സ്യബന്ധന വള്ളങ്ങള്‍ ഫിഷറീസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. മുന്നറിയിപ്പ് അവഗണിച്ച് മത്സ്യബന്ധനം നടത്തിയ മദീന, പ്രജാപതി എന്നീ വള്ളകളാണ് ഫിഷറീസ് മറൈൻ എൻഫോഴ്സ്മെൻറ് വിഭാഗം പിടികൂടിയത്.
തൃശൂർ കഴിമ്പ്രം സ്വദേശി നെടിയിരിപ്പില്‍ രാജുവിന്റെ ഉടമസ്ഥതയിലുള്ള പ്രജാപതി വള്ളത്തില്‍നിന്ന് 14 സെന്റീമീറ്ററിൽ താഴെയുള്ള 1800 കിലോ അയലയും, ചാവക്കാട് എടക്കഴിയൂർ സ്വദേശി ഷാഹിറിന്റെ മദീന വള്ളത്തില്‍നിന്ന് 1600 കിലോ ചെറിയ അയലയുമാണ് പിടിച്ചത്.
ജില്ലയിലെ വിവിധ ഹാർബറുകളിലും ഫിഷ് ലാൻഡിങ് സെൻററുകളിലും നടത്തിയ മിന്നൽ പരിശോധനയിലാണ് വള്ളകള്‍ പിടികൂടിയത്. നിയമവിധേയമായ വലിപ്പത്തില്‍ താഴെയുള്ള 58 ഇനം കടല്‍ മത്സ്യങ്ങളെ പിടിക്കുന്നത് കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരം കുറ്റകരമാണ്. ചെറുമത്സ്യങ്ങളെ പിന്നീട് പുറംകടലില്‍ ഒഴുക്കി. അഴീക്കോട് ഫിഷറീസ് സ്റ്റേഷന്‍ അസി. ഡയറക്ടര്‍ എം.എഫ്. പോളിന്റെ നിര്‍ദ്ദേശപ്രകാരമാണ് സംയുക്ത പരിശോധന നടത്തിയത്.
അഴീക്കോട് ഫിഷറീസ്, മറൈൻ എൻഫോഴ്സ്മെൻറ് ആൻഡ് വിജിലൻസ് വിങ് ഉദ്യോഗസ്ഥര്‍; എഫ്.ഇ.ഒ ശ്രുതിമോള്‍, ഓഫീസർമാരായ വി.എന്‍. പ്രശാന്ത് കുമാര്‍, ഇ.ആര്‍. ഷിനില്‍കുമാര്‍, വി.എം. ഷൈബു, സീ റെസ്ക്യൂ ഗാര്‍ഡുമാരായ ഹുസൈന്‍, വിജീഷ്, ഡ്രൈവര്‍ കെ.എം. അഷറഫ് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
അശാസ്ത്രീയ മത്സ്യബന്ധന രീതി അവലംബിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും, വരും ദിവസങ്ങളിൽ എല്ലാ ഹാർബറുകളിലും ഫിഷ് ലാൻഡിങ് സെൻററുകളിലും പ്രത്യേക ടാസ്ക് സ്‌ക്വാഡുകളുടെ പരിശോധന നടക്കുമെന്നും, ചെറുമത്സ്യങ്ങൾ കയറ്റി കൊണ്ടുപോകുന്ന യാനങ്ങളും വാഹനങ്ങളും കരുതൽ നടപടികൾക്ക് വിധേയമാകുമെന്നും തൃശൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ.വി. സുഗന്ധകുമാരി അറിയിച്ചു.
