വയനാട്ടിലെ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 300 കടന്നു. 354 പേർ മരിച്ചുവെന്നാണ് അനൗദ്യോഗിക കണക്ക്. ബെയ്‌ലി പാലത്തിന്റെ നിർമ്മാണം പൂർത്തിയായതോടെ രക്ഷാപ്രവർത്തനത്തിന് വേഗം വന്നിട്ടുണ്ട്. യന്ത്രസഹായത്തോട് കൂടി ഇന്നുച്ചവരെ നടത്തിയ പരിശോധനയിൽ ഒമ്പത് മൃതദേഹങ്ങളും അഞ്ച് ശരീര ഭാഗങ്ങളും കണ്ടെത്തി. ചൂരൽമലയിൽ നിന്നും നാലു മൃതദേഹങ്ങൾ കൂടി ലഭിച്ചു.
തെരച്ചിൽ തുടരുന്നതിനിടെ പടവെട്ടിക്കുന്നിൽ സൈന്യം നാലുപേരെ ജീവനോടെ കണ്ടെത്തി. രണ്ട് പുരുഷന്മാരെയും രണ്ട് സ്ത്രീകളെയുമാണ് കണ്ടെത്തിയത്. ഇതിൽ ഒരു സ്ത്രീയുടെ കാലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. എയർലിഫ്റ്റിംഗിലൂടെ ഇവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. ചൂരൽമലയിലേതുൾപ്പെടെ കൂടുതൽ ഭാഗങ്ങളിലേക്ക് തെരച്ചിൽ വ്യാപിപ്പിച്ചിട്ടുണ്ട്. ആറു സോണുകളാക്കി തിരിച്ചാണ് പരിശോധന നടത്തുന്നത്. ഹിറ്റാച്ചികളും കട്ടിംഗ് മെഷീനുകളും ഉപയോഗിച്ചാണ് തിരച്ചിൽ. തകർന്ന വീടുകളിൽ ആളുകളുണ്ടോ എന്നും പരിശോധിക്കുന്നു. ചാലക്കുടി പുഴയിലും തെരച്ചിൽ തുടരുകയാണ്. പുഴയുടെ നാൽപ്പത് കിലോമീറ്റർ പരിധിയിലാണ് തെരച്ചിൽ. ഇന്ന് മലപ്പുറത്ത് പുഴയുടെ ഭാഗമായ ചുങ്കത്തറ കൈപ്പിനിയിൽ നിന്നും ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ദുരന്തത്തിന് ഇരകളായ 206 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്.
അതേസമയം, ഔദ്യോഗിക കണക്കുകൾ പ്രകാരം മരണസംഖ്യ 199 മാത്രമാണ്. 89 പുരുഷന്മാർ, 82 സ്ത്രീകളും 28 കുട്ടികളും മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. 133 മൃതദേഹങ്ങളാണ് ബന്ധുക്കൾ തിരിച്ചറിഞ്ഞത്. 130 ശരീര ഭാഗങ്ങൾ കണ്ടെത്തി. 181 മൃതദേഹങ്ങളുടെ പോസ്റ്റുമോർട്ടം പൂർത്തിയായപ്പോൾ 130 ശരീര ഭാഗങ്ങളുടെ പോസ്റ്റുമോർട്ടവും പൂർത്തിയായി. 56 മൃതദേഹങ്ങൾ ജില്ലാ ഭരണകൂടത്തിന് കൈമാറി. നിലമ്പൂർ ജില്ലാ ആശുപത്രിയിൽ നിന്നും 21 മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റുവാങ്ങി. ദുരന്ത പ്രദേശത്ത് നിന്നും 264 പേരെ ആശുപത്രികളിൽ എത്തിച്ചു. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളിൽ 86 പേർ ചികിത്സയിലാണ്. 176 പേർ ആശുപത്രികളിൽ നിന്ന് ഡിസ്ചാർജായി, എന്നിങ്ങനെയാണ് ഔദ്യോഗിക കണക്ക്.
