അബുദാബി കിരീടാവകാശിയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി; അഞ്ച് കരാറുകള്‍ ഒപ്പുവെച്ചു

ന്യൂഡൽഹി: ഇന്ത്യ സന്ദർശനത്തിനായി എത്തിയ അബുദാബി കിരീടാവകാശി ശെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബഹുമുഖ ബന്ധം ശക്തിപ്പെടുത്തുന്നതിനും സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തം പുതിയ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുകയാണുണ്ടായത്. കൂടാതെ, ഇരുരാജ്യങ്ങളും അഞ്ചു വ്യത്യസ്ത കരാറുകളിൽ ഒപ്പുവെച്ചു.

എമിറേറ്റ്‌സ് ന്യൂക്ലിയർ എനർജി കമ്ബനിയും ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യയും തമ്മിലുള്ള ബറാക് ന്യൂക്ലിയർ പവർ പ്ലാന്റിന്റെ ഓപ്പറേഷൻസ് ആൻഡ് മെയിൻറ്റനൻസ് കരാർ ഇതിൽ പ്രധാനമാണ്. അബുദാബി നാഷണൽ ഓയിൽ കമ്ബനിയും ഇന്ത്യൻ ഓയിൽ കോർപ്പറേഷനും തമ്മിൽ ദീർഘകാല എൽഎൻജി (LNG) വിതരണ കരാറിലും ഒപ്പിട്ടു.

ഇന്ത്യയിലെ ഫുഡ് പാർക്കുകളുടെ വികസനത്തിനായി ഗുജറാത്ത് സർക്കാർ അബുദാബി ഡെവലപ്മെൻറ് ഹോൾഡിംഗ് കമ്പനിയുമായി ധാരണാപത്രം ഒപ്പുവെച്ചു. കൂടാതെ, അഡ്നോക്കും (ADNOC) ഇന്ത്യ സ്ട്രാറ്റജിക് പെട്രോളിയം റിസർവ് ലിമിറ്റഡും തമ്മിൽ ധാരണയായി.

കൂടിക്കാഴ്ചയ്ക്ക് ശേഷം, ശെയ്ഖ് ഖാലിദ് മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അർപ്പിച്ച് രാജ്ഘട്ട് സന്ദർശിച്ചു. അദ്ദേഹം പിന്നീട് രാഷ്ട്രപതി ഭവനിൽ എത്തി, രാഷ്ട്രപതി ദ്രൗപതി മുർമുവുമായി കൂടിക്കാഴ്ച നടത്തി.

ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം ചരിത്രപരമായി സൗഹൃദപരമാണ്. വ്യാപാരം, നിക്ഷേപം, ഊർജം, സാങ്കേതികവിദ്യ, വിദ്യാഭ്യാസം, സംസ്‌കാരം തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളും പരസ്പരം സഹകരിച്ചു വരുന്നു. 2022-23ൽ ഇന്ത്യ-യുഎഇ വ്യാപാരം 85 ബില്യൺ ഡോളറിലെത്തി, ചൈനയും യുഎസും കഴിഞ്ഞ് യുഎഇ ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയാണ്.

Leave a Reply

Your email address will not be published. Required fields are marked *