പെരുമ്പാവൂർ: വെങ്ങോലയിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കാൻ മന്ത്രിതല ഇടപെടൽ അനിവാര്യമാണെന്ന് വെള്ളിയാഴ്ച കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തിൽ വിലയിരുത്തി.
ജല അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ മന്ത്രിതല ഇടപെടല്‍ ഒഴിച്ചുകൂടാനാകില്ലെന്ന് എം.എല്‍.എ എല്‍ദോസ് കുന്നപ്പള്ളി അറിയിച്ചു.
എ.എം. റോഡിലെ പൈപ്പിടല്‍ പൂർത്തിയാക്കാനും തകര്‍ന്ന റോഡ് ശരിയാക്കാനുമുള്ള നടപടികള്‍ ബി.എം. ആൻഡ് ബി.സി. നിലവാരത്തിലെ പണി നിബന്ധനകൾ പാലിക്കാതെ മുന്നോട്ടുപോകാനാകില്ല. ഈ വിഷയത്തില്‍ സംയുക്ത യോഗം അടുത്ത ആഴ്ചയില്‍ രണ്ടു മന്ത്രിമാരുടെ സാന്നിധ്യത്തില്‍ വിളിക്കുമെന്നും എം.എല്‍.എ കൂട്ടിച്ചേർത്തു.
ജലവിതരണത്തെയും പൈപ്പിടലിനെയും ചൊല്ലിയുള്ള തര്‍ക്കം മൂലം കുടിവെള്ളം ലഭിക്കാത്തത് ജനങ്ങളുടെ ആശങ്കയുണ്ടാക്കുകയാണെന്നും യോഗം വിലയിരുത്തി.
