നിപ: 10 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് : മന്ത്രി വീണാ ജോര്‍ജ്

മലപ്പുറം: നിപ വൈറസ് ബാധയെ നേരിടുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ഇന്ന് (സെപ്റ്റംബർ 18) 10 പേരുടെ ഫലങ്ങൾ നെഗറ്റീവായതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. മരിച്ച യുവാവിന്റെ അടുത്ത ബന്ധുക്കളും, കൂടാതെ അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടറും നെഗറ്റീവ് ആയത് ആശ്വാസകരമാണെന്ന് മന്ത്രി പറഞ്ഞു. ഇതോടെ ആകെ 26 പേരുടെ പരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആയി.

ഇന്ന് 11 പേരെ പുതുതായി സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്, ഇവരിൽ അഞ്ച് പേർ ഹൈറിസ്‌ക് വിഭാഗത്തിൽപെട്ടവരാണ്. ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്ന് നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തി. സമ്പർക്ക പട്ടികയിൽ ആകെ 266 പേർ ഉൾപ്പെട്ടിട്ടുണ്ട്, ഇതിൽ 81 പേർ ആരോഗ്യപ്രവർത്തകരും 176 പേർ പ്രൈമറി കോൺടാക്ടുകളും 90 പേർ സെക്കൻഡറി കോൺടാക്ട് പട്ടികയിലുമാണ്.

മഞ്ചേരി മെഡിക്കൽ കോളേജിൽ 6 പേരും, പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളേജിൽ 21 പേരും ചികിത്സയിലാണ്. സമ്പർക്ക പട്ടികയിൽ ഉള്ളവർക്ക് മാനസിക പിന്തുണ നൽകിയുവരികയാണെന്നും, ഇതുവരെ 226 പേർക്കാണ് കോൾ സെന്ററുകൾ വഴി പിന്തുണ നൽകിയതെന്നും അധികൃതർ അറിയിച്ചു.

നിപ വൈറസ് ബാധ നിയന്ത്രണത്തിനായി 1044 വീടുകളിൽ ഇന്ന് ഫീൽഡ് സർവേ നടത്തി, ഇതോടെ ആകെ 7953 വീടുകളിൽ സർവേ പൂർത്തിയാക്കി. 19 പനി കേസുകൾ ഇന്ന് റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *