ഗുജറാത്തിൽ മഴക്കെടുതിയിൽ 15 പേർ മരിച്ചു; 23,000-ത്തിലധികം പേരെ മാറ്റിപ്പാർപ്പിച്ചു
ഗുജറാത്ത്: സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് മരിച്ചവരുടെ എണ്ണം 15 ആയി. 23,000-ത്തിലധികം ആളുകളെ സുരക്ഷിത പ്രദേശങ്ങളിലേക്ക് മാറ്റി, 300-ലധികം കുടുങ്ങിക്കിടന്നവരെ രക്ഷപ്പെടുത്തി.
നദികളിലെ ജലനിരപ്പ് അപകട നിലയിൽ എത്തിയതോടെ, താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ചൊവ്വാഴ്ച മഴയുടെ തീവ്രത കുറഞ്ഞെങ്കിലും, വരും ദിവസങ്ങളിൽ കൂടുതൽ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഗുജറാത്ത് സർക്കാർ രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനായി ആറ് ഇന്ത്യൻ സൈനിക യൂണിറ്റുകളുടെ സഹായം തേടിയിട്ടുണ്ട്. ദ്വാരക, ആനന്ദ്, വഡോദര, ഖേദ, മോർബി, രാജ്കോട്ട് ജില്ലകളിൽ ഇവരെ വിന്യസിക്കും.
ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് 14 എൻഡിആർഎഫ് പ്ലാറ്റൂണുകളും 22 എസ്ഡിആർഎഫ് പ്ലാറ്റൂണുകളും വിന്യസിച്ചിരിക്കുകയാണ്.
ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനായി ഉന്നതതല യോഗം ചേർന്നു. നദികളും അഴുക്കുചാലുകളും കരകവിഞ്ഞൊഴുകുന്നതിനാൽ, അവയിൽ ആരും ഇറങ്ങാതിരിക്കാൻ ജില്ലാ കളക്ടർമാർക്കു കടുത്ത ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം നൽകി. മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകരുതെന്ന് കർശന നിർദ്ദേശം പുറപ്പെടുവിച്ചിട്ടുമുണ്ട്.
